ടോക്കിയോയിൽ വെബറുടെ ഹുങ്കിനെ തൂത്തെറി‍ഞ്ഞു; നീരജിന്റെ മധുരപ്രതികാരം

ഇനി നമുക്ക് കിട്ടാതെ പോയ ആ മെഡലിനെക്കുറിച്ചോര്‍ത്ത് നിരാശപ്പെടേണ്ട. നീരജ് ചോപ്രയുടെ സുവര്‍ണനേട്ടത്തില്‍ അല്‍പമഹങ്കാരത്തോടെ തന്നെ അഭിമാനിക്കാം. നീരജ് എതിരാളിയാകില്ലെന്നു പറഞ്ഞ ജര്‍മന്‍ താരം ജൂലിയന്‍ വെബറുടെ ഹുങ്കിനെ നാലാം സ്ഥാനത്തെയ്ക്ക് തൂത്തെറി‍ഞ്ഞാണ് പാനിപ്പത്തുകാരന്‍ ട്രാക്ക് ആന്‍റ് ഫീല്‍ഡിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം ആഘോഷിച്ചത്.

എന്തെന്തു പറഞ്ഞാണ് ഇതാഘോഷിക്കുക. ആ 23കാരന്‍ ഒളിംപിക് നഗരത്തില്‍ ഇന്ത്യന്‍ ദേശീയഗാനം മുഴക്കിയപ്പോള്‍ കണ്ണുനിറഞ്ഞ, ഓരോ ഇന്ത്യക്കാരനും വാക്കുകള്‍കിട്ടാതായി. കൈവരിച്ച നേട്ടത്തിന്റെ വിലയറിയാവുന്ന അയാള്‍ ആദ്യം മൈതാനത്തമര്‍ത്തി ചുംബിച്ചു. ഒപ്പം മല്‍സരിച്ചവരെയും പരിശീലകനേയും ആശ്ലേഷിച്ചു. ഗാലറിയില്‍ നിന്നാരോ നീട്ടിയെറിഞ്ഞുകൊടുത്ത പതാക പുതച്ച്, അയാള്‍ വലം വച്ചു. സ്റ്റേഡിയത്തില്‍ നിറഞ്ഞ നിശബ്ദതയ്ക്കപ്പോള്‍ ഞങ്ങള്‍ നേടി എന്ന അലറിപ്പറച്ചിലിന്റെ ഒച്ചയുണ്ടായിരുന്നു. 

പാനിപ്പത്ത്, ചരിത്രനഗരിയില്‍ നിന്നെത്തിയ നീരജ് ചോപ്ര ടോക്കിയോയില്‍ പുതുചരിതമാണ് രചിച്ചത്.  ഇന്ത്യയ്ക്കിത് അഭിമന നിമിഷം. ഒളിംപിക് ചരിത്രത്തോളം പഴക്കമുള്ള കാത്തിരുപ്പിന് അയാള്‍ നമുക്കുതന്ന അയാളുടെ ആത്മാവാണത്.