'ക്രിക്കറ്റ് ലോകകപ്പെല്ലാം മറന്നേക്കൂ'; ഈ വെങ്കലം അതുക്കും മേലെ; ഗംഭീർ; എതിർപ്പ്

നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യയിലേക്ക് ഹോക്കി മെഡലെത്തുമ്പോൾ സന്തോഷവും അഭിമാനവും നിറയുകയാണ് രാജ്യത്ത്. ആവേശോജ്വലമായ മൽസരത്തിൽ വെങ്കലം നേടിയ ടീമിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് എല്ലാവരും. ഇതിനിടെയാണ് മുൻക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതംഗംഭീറിന്റെ പോസ്റ്റ് വിവാദമാകുന്നത്.

ഇതുവരെ നേടിയ ക്രിക്കറ്റ് ലോകകപ്പുകളെക്കാൾ മഹത്തരമാണ് ഹോക്കിയിലെ ഈ വെങ്കല നേട്ടമെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റിന്റെ അർഥം. ‘1983, 2007, 2011 ക്രിക്കറ്റ് ലോകകപ്പുകൾ മറക്കാം. ഹോക്കിയിൽ ഇന്ന് നേടിയ മെഡൽ എല്ലാ ലോകകപ്പ് വിജയങ്ങളേയുംകാൾ വലുതാണ്’ എന്നാണ് ഇന്ത്യൻ ഹോക്കി മൈ പ്രൈഡ് എന്ന ഹാഷ്ടാഗിനൊപ്പം ഗംഭീർ കുറിച്ചത്. ഇത് ആരാധകരിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഒരു വിജയം മഹത്തരമാണെന്ന് പറയാൻ മറ്റൊന്നിനെ ഇകഴ്ത്തുന്നത് കായികതാരത്തിന് ഒട്ടും ശരിയല്ലെന്നാണ് പലരും കുറിച്ചത്. രണ്ട് ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ അംഗമാണ് ഗംഭീർ. ഫൈനലുകളിൽ മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം 2019 ൽ ഈസ്റ്റ് ഡൽഹിയിൽ നിന്ന് ഗംഭീർ ലോക്സഭയിലേക്ക് മൽസരിച്ച് വിജയിക്കുകയായിരുന്നു.