മുഖംപൊത്തി വിതുമ്പി നെയ്മർ; ആശ്ലേഷിച്ച് , ആശ്വസിപ്പിച്ച് മെസ്സി; വിഡിയോ

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീനയോടു തോറ്റ് കിരീടം കൈവിട്ടതിനു പിന്നാലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ കണ്ണീരണിഞ്ഞ് ആതിഥേയരുടെ സൂപ്പർതാരം നെയ്മർ. മത്സരത്തിന് അവസാന വിസിൽ മുഴങ്ങിയതിനു പിന്നാലെ ജഴ്സി കൊണ്ട് മുഖം പൊത്തി നിലത്തിരുന്ന് കണ്ണീർ വാർത്ത നെയ്മർ, സങ്കടപ്പെടുത്തുന്ന കാഴ്ചയായി. കണ്ണീരണിഞ്ഞു നിൽക്കുന്ന നെയ്മറിനെ സുഹൃത്തും സ്പാനിഷ് ക്ലബ് ബാർസിലോനയിൽ സഹതാരവുമായിരുന്ന ലയണൽ മെസ്സി ഗാഢമായി ആലിംഗനം ചെയ്താണ് ആശ്വസിപ്പിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ വീഴ്ത്തിയത്. കോവിഡ് വ്യാപനം നിമിത്തം ഏഴായിരത്തോളം കാണികൾക്കു മുന്നിലാണ് മത്സരം നടന്നത്. ബ്രസീൽ പ്രതിരോധത്തിന്റെ പിഴവു മുതലെടുത്ത് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നെയ്മറിന്റെ സഹതാരം കൂടിയായ എയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയ്ക്കായി വിജയഗോൾ നേടിയത്. മധ്യനിര താരം റോഡ്രിഗോ ‍ഡി പോളിന്റെ ദീർഘവീക്ഷണവും പാസിങ്ങിലെ കിറുകൃത്യതയും ഒരുമിച്ച സമ്മോഹന നിമിഷത്തിലായിരുന്നു ഗോളിന്റെ പിറവി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ബ്രസീൽ ആവതു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിൽ ബ്രസീൽ ഗോളിന് തൊട്ടടുത്തെത്തിയ രണ്ടു നിമിഷങ്ങളുണ്ടായിരുന്നു. നെയ്മറിന്റെ തകർപ്പൻ അസിസ്റ്റിൽ 55–ാം മിനിറ്റിൽ റിച്ചാർലിസനും 87–ാം മിനിറ്റിൽ ഗബ്രിയേൽ ബാർബോസയും ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ അതിലും മികച്ച രണ്ട് സേവുകൾ സന്ദർശകർക്ക് രക്ഷയായി.

പുറത്തെടുത്ത ആയുധങ്ങളൊന്നും ഫലം കാണാതെ വന്നതോടെയാണ് മാറക്കാനയിൽ ബ്രസീൽ തോറ്റത്. അർജന്റീന താരങ്ങൾ മാറക്കാനയിൽ കിരീട നേട്ടത്തിന്റെ ആഘോഷത്തിലേക്കു വഴുതുമ്പോൾ, തൊട്ടടുത്ത് നെയ്മർ കണ്ണീരോടെ ഗ്രൗണ്ടിൽ മുട്ടുകുത്തി. സഹതാരങ്ങളായ അലിസൻ, വിനീസ്യൂസ് ജൂനിയർ തുടങ്ങിയർ ആദ്യം താരത്തെ ആശ്വസിപ്പിച്ചു. പിന്നാലെ അർജന്റീന പരിശീലകൻ ലയണൽ സ്കലോനിയും ആശ്വാസ വാക്കുകളുമായെത്തി. ഇതിനു പിന്നാലെയാണ് സുഹ‌ൃത്ത് മെസ്സി നെയ്മറിന് അടുത്തെത്തിയത്.