കാമുകിയെ പിരിയാൻ വയ്യ; വമ്പൻ ഓഫര്‍ വേണ്ടെന്നുവെച്ച എവർട്ടൺ; ഇന്ന് ബ്രസീലിന്റെ ഹീറോ

ബ്രസീലിലെ ഫോർട്ടലെസയുടെ അണ്ടർ 17 ടീമിന് വേണ്ടി കളിക്കുന്ന കാലത്താണ് 2012ൽ എവർട്ടൺ സോസ സോറസിനെ തേടി ഗ്രമെിയോയിൽ നിന്ന് വലിയൊരു ഓഫർ വരുന്നത്. എന്നിട്ടും എവർട്ടൺ പോയില്ല. മാറക്കാനയിൽ, കോപ്പ അമേരിക്ക ഫൈനലിൽ പെറുവിനെതിരെ ആദ്യ ഗോൾ നേടിയ ബ്രസീലിന്റെ സ്ട്രൈക്കർ ആണിന്ന് എവർട്ടൺ. 

വൻ ഓഫർ വന്നിട്ടും പോകാൻ മടിച്ചുനിന്ന എവർട്ടണെ കണ്ട് എല്ലാവരും അമ്പരന്നു. മാറക്കാനയില്‍ നിന്ന് 3800 

കിലോമീറ്റർ അകലെയുള്ള പോർട്ടോ അലെഗ്രേയിലേക്ക് പോകാനുള്ള മടികൊണ്ടാണെന്ന് പലരും കരുതി. എന്നാൽ അതായിരുന്നില്ല യഥാർഥ കാരണം. 

മാറക്കാനയിലുള്ള കാമുകിയെ വിട്ട് ഇത്ര ദൂരേക്ക് പോകാനാകില്ല എന്നതായിരുന്നു എവർട്ടൺ കണ്ടെത്തിയ കാരണം. കളിയെക്കാൾ വലുത് കാമുകിയെന്ന് താരം വിശ്വസിച്ചു. 

ഫോർട്ടലെസ കോച്ച് യോർഗെ വെറാസ് ആണമ് എവർട്ടന്റെ മനസ്സ് മാറ്റിയത്. ''കാമുകി എത്രനാൾ വേണമെങ്കിൽ നിനക്കുവേണ്ടി കാത്തിരിക്കും. പക്ഷേ ക്ലബ്ബ് അങ്ങനെയല്ല. കാമുകിയെപ്പോലെയല്ല, നീയില്ലെങ്കിൽ അവർ വേറെ ആളെ എടുക്കും. അവൻ കളിച്ച് വലിയ പണക്കാരനാകും. പിന്നെ നിനക്ക് അതോർത്ത് ഖേദിക്കേണ്ടിവരും. നിന്നെ കാത്തിരിക്കാൻ കാമുകിക്ക് മനസ്സില്ലെങ്കിൽ അവൾ പോട്ടെ. നിനക്ക് ഇറ്റാലിയൻ കാമുകിയെയോ ജർമൻ സുന്ദരിയെയോ കിട്ടും''- കോച്ചിന്റെ ഉപദേശം ഏറ്റും. കാമുകിയോട് കാത്തിരിക്കാൻ പറഞ്ഞ് എവർട്ടൻ പോർട്ടോ അലെഗ്രേയിലേക്ക് പറന്നു. 

ആറുകൊല്ലം കൊണ്ടാണ് എവർട്ടന്റെ കഥ മാറിയത്. ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സെന്‍സേഷനാണ് ഇന്നീ ഇരുപത്തിമൂന്നുകാരൻ. 2017ൽ ഗ്രെമിയോയ്ക്ക് കോപ്പ ലിൾർട്ടഡോർസ് കിരീടം നേടിക്കൊടുത്തത് എവർട്ടൺ ആണ്. പന്ത്രണ്ട് വർഷത്തിന് ശേഷം ബ്രസീല്‍ കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടപ്പോൾ ഹീറോ പരിവേഷവും എവർട്ടൻ സ്വന്തമാക്കി.