‘ക്രിക്കറ്റ് താരമായില്ലെങ്കിൽ മോയിൻ അലി ഐഎസിൽ’: നസ്റീന്റെ ട്വീറ്റിൽ വിവാദം പുകയുന്നു

ഇംഗ്ലിഷ് ക്രിക്കറ്റ് താരം മോയിൻ അലിക്കെതിരെ വിദ്വേഷ പരമാർശം നടത്തിയ  പ്രശസ്ത എഴുത്തുകാരി തസ്‌ലീമ നസ്റീൻ വിവാദത്തിൽ. ‘ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ മോയിൻ അലി സിറിയയിൽ പോയി ഐഎസിൽ ചേരുമായിരുന്നു’ എന്ന തസ്‌ലീമ നസ്റീന്റെ ട്വീറ്റാണ് വിവാദത്തിനു തിരികൊളുത്തിയത്. ഈ മാസം അഞ്ചിനാണ് മോയിൻ അലിയുമായി ബന്ധപ്പെട്ട് തസ്‍ലീമ നസ്റീൻ വിവാദപരമായ പരാമർശം ട്വീറ്റ് ചെയ്തത്. മോയിൻ അലിയെ പിന്തുണച്ച് ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തിയതോടെ നസ്റീൻ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല.

മോയിൻ അലിയുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റ് ആക്ഷേപഹാസ്യമാണെന്നും  തന്നെ ആക്ഷേപിക്കാൻ വിമർശകർ അതൊരു ആയുധമാക്കിയെന്നുമായിരുന്നു നസ്റീന്റെ വിശദീകരണം. ഇസ്‍ലാമിലെ തീവ്ര ചിന്താഗതിയെ എതിർക്കുന്ന വ്യക്തിയും മുസ്‍ലിം സമൂഹത്തിൽ മതേതര ചിന്ത വളർത്താൻ ശ്രമിക്കുന്നയാളുമായതിനാലാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്നും വിശദീകരണ കുറിപ്പിൽ അവർ എഴുതി. 

അതേസമയം, തസ്‍ലീമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇംഗ്ലണ്ടിന്റെ പേസ് ബോളർ ജോഫ്ര ആർച്ചർ, ബാറ്റ്സ്മാൻ സാം ബില്ലിങ്സ്, സാക്വിബ് മഹ്മൂദ് തുടങ്ങിയവർ രംഗത്തെത്തി. ‘താങ്കൾ ഓകെയാണോ? ആണെന്ന് എനിക്ക് തോന്നുന്നില്ല’ – ആർച്ചർ ട്വിറ്ററിൽ കുറിച്ചു. ആദ്യ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണം നൽകി പോസ്റ്റ് ചെയ്ത തസ്‍ലീമയുടെ ട്വീറ്റിനെയും ആർച്ചർ വിമർശിച്ചു.‘ആക്ഷേപ ഹാസ്യമോ? എന്നിട്ട് ആരും ചിരിച്ചു കണ്ടില്ലല്ലോ. താങ്കൾക്ക് പോലും ചിരിക്കാൻ കഴിയുന്നില്ല. എത്രയും പെട്ടെന്ന് ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്’ – ആർച്ചർ കുറിച്ചു.

English Summary: England Cricketers Slam Taslima Nasreen For "Disgusting" Tweet On Moeen Ali