തല മുണ്ഡനം ചെയ്ത് ധോണി; ബുദ്ധഭിക്ഷുവിനെ പോലെയെന്ന് ആരാധകർ

(സ്റ്റാർ സ്പോർട്സ് പങ്കുവച്ച ചിത്രം)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് തുടക്കമാകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ആരാധകരെ വിസ്മയിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ കൂടിയായ ഇപ്പോഴത്തെ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പുതിയ ലുക്ക്. ഒരു ബുദ്ധഭിക്ഷുവിനെ അനുസ്മരിപ്പിക്കും വിധം തല പൂർണമായും മുണ്ഡനം ചെയ്ത് പ്രത്യേക വേഷത്തിൽ മരച്ചുവട്ടിലിരിക്കുന്ന ചിത്രമാണിത്. വരുന്ന സീസണിൽ ‘തല’യുടെയും ടീമിന്റെ ശക്തമായ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകരെ ‘ഞെട്ടിച്ച’ ഈ ലുക്ക് പുറത്തുവിട്ടത് സ്റ്റാർ സ്പോർട്സാണ്.

‘ഇന്റർനെറ്റിൽ തരംഗമാകാൻ പോകുന്ന എം.എസ്. ധോണിയുടെ ഈ പുതിയ അവതാരം കണ്ടാൽ നമ്മുടെ മുഖഭാവം ഇങ്ങനെയായിരിക്കും (വിസ്മയം കൂറുന്ന സ്മൈലി ഒപ്പം). ഇതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?’ – എന്ന ക്യാപ്ഷനോടെയാണ് മരച്ചുവട്ടിലിരിക്കുന്ന ബുദ്ധഭിക്ഷുവായി ധോണിയെ അവതരിപ്പിച്ചിരിക്കുന്നത്.

എന്താണ് സംഭവമെന്ന് വ്യക്തമല്ലെങ്കിലും, പുതിയ ഐപിഎൽ സീസണിനു മുന്നോടിയായുള്ള ഏതോ പരസ്യത്തിന്റെ ഭാഗമാണ് ധോണിയുടെ പുതിയ ലുക്കെന്നാണ് സൂചന. ഇക്കാര്യത്തിൽ സ്റ്റാർ സ്പോർട്സോ ധോണിയോ വ്യക്തമായൊന്നും പറയാത്തതിനാൽ വാസ്തവമറിയാൻ ആരാധകരും കാത്തിരിക്കുന്നു.