റഫറിയും ഇല്ല, പിച്ചും ഇല്ല; ബഗാൻ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നത് സന്നാഹമത്സരങ്ങൾ ഇല്ലാതെ

ഒരു സന്നാഹമല്‍സരംപോലും കളിക്കാതെയാണ് എടികെ മോഹന്‍ ബഗാന്‍ ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ ഇറങ്ങുന്നത്. സന്നാഹ മല്‍സരം കളിക്കാനുള്ള സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് ഒഴിവാക്കിയതെന്നാണ് ബഗാന്‍ പരിശീലകന്‍ അന്റോണിയോ ഹബാസിന്റെ വിശദീകരണം. ബ്ലാസ്റ്റേഴ്സിനെതിരെ ജയം മാത്രമാണ് ലക്ഷ്യമെന്നും ഹബാസ് പറഞ്ഞു. 

എതിരാളികള്‍ മൂന്നും നാലും സന്നാഹമല്‍സരങ്ങള്‍ കളിച്ച് തയ്യാറെടുത്തപ്പോള്‍  നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാന്‍ മാത്രം മല്‍സരിക്കാന്‍ കളത്തിലിറങ്ങിയില്ല. കാരണം  മല്‍സരം നിയന്ത്രിക്കാന്‍ റഫറിയില്ല, ട്രെയിനിങ് ഗ്രൗണ്ടില്‍ തന്നെ സന്നാഹ മല്‍സസരം കളിക്കണം. മല്‍സരത്തിന് വേദിയാകാന്‍ മാത്രം ഗുണനിലവാരമുള്ള പിച്ചുകളല്ല ട്രെയിനിങ് ഗ്രൗണ്ടിലേത്.  ഇതാണ് സന്നാഹമല്‍സരം ഒഴിവാക്കിയതിന്റെ കാരണമായി ഹബാസ് പറഞ്ഞത്. എന്തായാലും കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ തന്റെ ടീം സ‍ജ്ജമാണ്. കിബു വിക്കൂനയെ ആദരിക്കുന്നുവെങ്കിലും മൂന്ന് പോയിന്റ് നേടുക എന്നതാണ് ലക്ഷ്യമെന്നും ബഗാന്‍ പരിശീലന്‍. മോഹന്‍ ബഗാനായി ഐലീഗില്‍ വിക്കൂന മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. പക്ഷേ ഇത് മറ്റൊരു ടൂര്‍ണമെന്റാണ്.  പുതിയൊരു സീസണാണ്. 

മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി റൊട്ടേഷന്‍ സംവിധാനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ പരുക്കേല്‍ക്കാതെ താരങ്ങള്‍ക്ക് മുന്നോട്ടുപോകാനുവെന്നും  അന്റോണിയോ  ഹബാസ് പറഞ്ഞു.