മെസിയെ പുകച്ച് ചാടിച്ചതോ? ട്രാന്‍സ്ഫര്‍ സമ്മര്‍ദതന്ത്രമോ? ആകാംക്ഷ

messi-034
SHARE

മെസി എന്നാല്‍ ബാര്‍സയും ബാര്‍സ എന്നാല്‍  മെസിയുമായിരുന്നു ലോക ഫുട്ബോളില്‍ ഇതുവരെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റലിയിലേക്ക് ചേക്കേറിയിട്ടും ലാ ലിഗയ്ക്ക് ഇത്രയധികം ആരാധകരെ നിലനിര്‍ത്താന്‍ സാധിച്ചത് തന്നെ ലയണല്‍ മെസിയുടെ സാന്നിധ്യമാണ്. എന്നാല്‍ എന്തുകൊണ്ട് മെസി ബാര്‍സ വിടുന്നു?

പുകച്ച് ചാടിച്ചതോ?

അഞ്ചു വര്‍ഷമായി മെസി ബാര്‍സിലോന മാനേജ്മെന്‍റുമായി അത്ര സുഖത്തിലായിരുന്നില്ല. പ്രത്യേകിച്ച് ക്ലബ് പ്രസിഡന്‍റ് ജോസഫ് ബാര്‍ത്തോമ്യൂവുമായി. കൂടാതെ നെയ്മര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ മറ്റു ക്ലബുകള്‍ക്ക് വിട്ടുകൊടുത്ത നടപടിയിലും മെസി അതൃപ്തനായിരുന്നു. നെയ്മറെ പി.എസ്.ജിയില്‍ നിന്ന് തിരിച്ചെത്തിക്കണമെന്ന് പലകുറി മെസി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പി.എസ്.ജിയുമായി ധാരണയിലെത്താന്‍ ബാര്‍സിലോനയ്ക്ക് കഴിയാത്തതില്‍ മെസി ഏറെ നിരാശനായിരുന്നു.

കുറച്ചു നാളുകള്‍ക്ക് മുമ്പ് ക്ലബ് മാനേജ്മെന്‍റ് ഒരു സോഷ്യല്‍ മീഡിയ കമ്പനിയെ നിയോഗിച്ച് മെസിയെയും  ജെറാഡ് പീക്വേ അടക്കമുള്ള കളിക്കാരെയും ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മെസി വളരെയധികം അസ്വസ്ഥനായിരുന്നു എന്നാണ് ന്യൂ ക്യാംപില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 

കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് കളിക്കാരുടെ പ്രതിഫലത്തുകയില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച കാര്യത്തിലും മാനേജ്മെന്‍റുമായി ധാരണയിലെത്താന്‍‌ കഴിയാത്തതും മെസിയുടെ അസംതൃപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കി. കരിയറില്‍ ആദ്യമായി ക്ലബ് മാനേജ്മെന്‍റിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ മെസി തയാറായി. ചില കളിക്കാരെ മോശമായി ചിത്രീകരിക്കാന്‍ മാനേജ്മെന്‍റ് ശ്രമിക്കുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെ മെസി വെളിപ്പെടുത്തി. 

എറ്റവും ഒടുവില്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയണ്‍ മ്യൂണിക്കിനോടേറ്റ നാണംകെട്ട തോല്‍വിയും ക്ലബ് വിടാനുള്ള മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

ബാര്‍സയിലെ ഭാവി അനിശ്ചിതത്തിലോ?

ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിക്കിനോടേറ്റ വമ്പന്‍ തോല്‍വിയെ തുടര്‍ന്ന് ടീമിനെ അടിമുടി അഴിച്ചുമാറ്റണമെന്ന് പിക്വെ പറഞ്ഞിരുന്നു. കോച്ചിനെ പുറത്താക്കിയ ബാര്‍സ പുതിയതായി എത്തിച്ചത് റൊണാള്‍‍‍ഡ് കോമാനെയാണ്. കോമാനും മെസിയും തമ്മിലുള്ള കൂടിക്കാഴ്ച അത്ര രസത്തിലല്ല അവസാനിച്ചത്. മെസി കൂടി ഉള്‍പ്പെടുന്നതാണ് തന്റെ ഫ്യൂച്ചര്‍ പ്ലാന്‍ എന്ന് കോമാന്‍ പുറത്ത് പറഞ്ഞെങ്കിലും മെസിെയ ഒഴിവാക്കി പുതുതാരങ്ങളെ എത്തിച്ച് പുതിയ സീസണ്‍ തുടങ്ങാനാണ് കോമാന്‍ പദ്ധതിയിടുന്നതെന്നാണ് കറ്റലൂണിയന്‍ ക്ലബ്ബിന്റെ പിന്നാമ്പുറത്ത് കേള്‍ക്കുന്നത്. മെസിക്ക് ടീമില്‍ ഇപ്പോള്‍ ലഭിക്കുന്ന പരിഗണന തുടര്‍‍ന്നും നല്‍കാന്‍ കഴിയില്ലെന്ന നിലപാടും കോമാന്‍ മെസിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് അടുത്ത സീസണിലേക്കുളള പരിശീലന ക്യാംപിന് മുന്നോടിയായുള്ള കോവിഡ് പരിശോധനയ്ക്കും മെസി തയാറായില്ല.

ട്രാന്‍സ്ഫര്‍ സമ്മര്‍ദതന്ത്രമോ?

അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ തലപ്പത്തുളളവരുമായുള്ള അഭിപ്രായവ്യത്യാസം മൂലം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മെസി, തലപ്പത്ത് മാറ്റം വന്നപ്പോള്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ബാര്‍സിലോന പ്രസിഡന്‍റ് ജോസഫ് ബാര്‍ത്തോമ്യൂ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെടാന്‍ പോലും മെസിയുടെ തീരുമാനം കാരണമായേക്കാം. അതേസമയം ബാര്‍സിലോനയുടെ മോശം പ്രകടനത്തിന് കാരണം മെസിയാണെന്ന രീതിയില്‍ വാദം ഉയരുന്നുണ്ട്. മെസിക്ക് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന പ്രതിഫലം ക്ലബിന്‍റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും വിമര്‍ശകര്‍ വിലയിരുത്തുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...