കൊറോണയെ നേരിടാന്‍ 50 ലക്ഷം; നാടിനായി സഹായഹസ്തം നീട്ടി സച്ചിനും

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് കരുത്തുപകർന്ന് സാമ്പത്തിക സഹായവുമായി മാസ്റ്റർ ബ്ലാസ്റ്റര്‍ സച്ചിൻ തെൻഡുൽക്കർ. 50 ലക്ഷം രൂപയാണ് സച്ചിൻ സംഭാവന നൽകിയത്. ഇന്ത്യയിലെ കായിക താരങ്ങളിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നൽകുന്ന ഉയർന്ന സംഭാവനയാണ് സച്ചിന്റേത്. ആകെ നൽകുന്ന 50 ലക്ഷത്തിൽ 25 ലക്ഷം രൂപവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധികളിലേക്കു നൽകും. 

കൊറോണ വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിൽ സഹായവുമായി രംഗത്തെത്തുന്ന ആദ്യ ഇന്ത്യൻ താരമല്ല സച്ചിൻ. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് മുൻ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. 

മുൻ താരങ്ങളും സഹോദരങ്ങളുമായ ഇർഫാൻ പഠാൻ, യൂസഫ് പഠാൻ എന്നിവർ 4000 മാസ്കുകൾ ബറോഡ പൊലീസുമായും ആരോഗ്യ പ്രവർത്തകരുമായും സഹകരിച്ച് വിതരണം ചെയ്തിരുന്നു. പുണെ ആസ്ഥാനമായുള്ള ഒരു എൻജിഒ വഴി ക്രൗഡ് ഫണ്ടിങ്ങിലേക്ക് മുൻ നായകൻ മഹേന്ദ്രസിങ് ധോണി ഒരു ലക്ഷം രൂപയാണ് നൽകിയത്.