ക്രിക്കറ്റ് കാണാൻ എത്തി; കിട്ടിയത് അവഗണന; താമസിക്കാൻ മുറിയില്ല; ഒടുവിൽ

പൊക്കമുള്ളതാണ് എന്റെ പൊക്കം എന്നു പറയേണ്ടി വരും ഷേർ ഖാൻ എന്ന ഇൗ ക്രിക്കറ്റ് ആരാധകനെ കുറിച്ചു. ആഗ്രഹത്തോടെ കാത്തിരുന്ന ക്രിക്കറ്റ് മൽസരം കാണാനെത്തിയ ഇൗ മനുഷ്യനെ കാത്തിരുന്നത് തികഞ്ഞ അവഗണനയായിരുന്നു. അഫ്ഗാനിസ്ഥാന്റെ മത്സരം കാണാൻ കാബൂളിൽനിന്നു ലക്നൗവിലെത്തിയത് തന്നെ വളരം പണിപ്പെട്ടാണ്. എന്നാൽ തന്റെ യാത്രയെക്കാൾ വലിയ പ്രയാസമാണ് പിന്നീട് ഷേർ ഖാനെ കാത്തിരുന്നത്. താമസിക്കാൻ ഒരു മുറി കിട്ടാതെ മൂന്നു ദിവസം ഈ ആരാധകന് അലഞ്ഞു തിരിയേണ്ടി വന്നു.

ഒരു ഹോട്ടലിൽ പോലും താമസിക്കാൻ അദ്ദേഹത്തിന് മുറി കിട്ടിയില്ല. അദ്ദേഹത്തിന് പറ്റിയ മുറി ഇല്ലെന്നാണ് ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നത്. കാരണം അദ്ദേഹത്തിന്റെ അസാധാരണ ഉയരമാണ്. എട്ടടി രണ്ടിഞ്ചാണ് (2.489 മീറ്റർ) ഈ കാബൂൾ സ്വദേശിയുടെ ഉയരം. ഇത്രയും പൊക്കമുള്ള ആൾക്കു തല മുട്ടാതെ താമസിക്കാൻ പറ്റിയ സൗകര്യം ഇല്ലെന്നു പറഞ്ഞാണു ഹോട്ടലുകാർ ഷേർ ഖാനെ മടക്കിയത്. ഒടുവിൽ പൊലീസ് സ്റ്റേഷനിലെത്തി ഖാൻ പരാതി നൽകി. പൊലീസുകാർ ഇടപെട്ടു താമസസ്ഥലം ഒരുക്കുകയും ചെയ്തു.

വെസ്റ്റിൻഡീസിനെതിരായ അഫ്ഗാനിസ്ഥാന്റെ ഏകദിന മത്സരം കാണാനാണു ഷേർ ഖാൻ ലക്നൗവിലെത്തിയത്. ആഭ്യന്തരപ്രശ്നങ്ങൾമൂലം അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട് ഇപ്പോൾ ഇന്ത്യയാണ്. ആദ്യ ഏകദിനത്തിൽ ഖാന്റെ ടീം മോശം ബാറ്റിങ് പ്രകടനമാണു നടത്തിയത്. വിൻഡീസിനെതിരെ 45.2 ഓവറിൽ 194 റൺസിനു പുറത്തായി. വിൻഡീസ് ഏഴു വിക്കറ്റിന് മത്സരം ജയിക്കുകയും ചെയ്തു.