രോഹിത് ശര്‍മക്ക് സെഞ്ച്വറി; ആദ്യമല്‍സരത്തിൽ മഴ വില്ലൻ

വിശാഖപട്ടണം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യദിനം മഴകാരണം മല്‍സരം നേരത്തെ അവസാനിച്ചപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 202 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് ശര്‍മ പുറത്താകാതെ 115 റണ്‍സെടുത്തു.

മഴത്തുള്ളികള്‍ കളം വാഴുംമുന്‍പേ കളിപിടിച്ചു ഹിറ്റ്മാന്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം തിളങ്ങുന്നവനെന്ന ചീത്തപ്പേരിന് ഇനി സ്ഥാനം ബൗണ്ടറിക്ക് പുറത്ത്. ആദ്യമായി ഒരുമിച്ച് ഓപ്പണ്‍ ചെയ്ത മല്‍സരത്തില്‍ തന്നെ മായങ്ക്–രോഹിത് സഖ്യം ഹിറ്റായി. പേസര്‍മാരെ കരുതലോടെ നേരിട്ടും സ്പിന്നര്‍മാരെ തല്ലിച്ചതച്ചും രോഹിത്തിന്റെ സെന്‍സിബിള്‍ ഇന്നിങ്സ്. 

സന്നാഹല്‍സരത്തില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ കഴിവിനെ ചോദ്യംചെയ്തവര്‍ക്ക് പതിവ് ശൈലിയിലൊരു മറുപടി. ഒപ്പം എന്ത് കൊണ്ട് ഇതുവരെ പരീക്ഷിച്ചില്ലെന്ന ചോദ്യവും..

ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി. ഇന്ത്യന്‍ മണ്ണില്‍ തുടരക്‍ച്ചയായി 50 ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന  നാലമാത്തെ മാത്രം താരവുമായി രോഹിത്. 84 റണ്‍സെടുത്ത മായങ്ക് പൂര്‍ണപിന്തുണ നല്‍കി. മായങ്കിന്റെ ടെസ്റ്റ്  കരിയറിലെ ഉയര്‍ന്ന സ്കോറാണ് ഇത്.