ഇന്ത്യയിലില്ലാത്ത വാഹനം; 1.6 കോടിവില; സ്വന്തമാക്കി ധോണി; കരുത്തൻ

വാഹനങ്ങളോടുള്ള കമ്പം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയ്ക്ക് അൽപം കൂടുതലാണ്. സൂപ്പർബൈക്കുകളും കാറുകളും തുടങ്ങി വാഹനലോകത്തെ കരുത്തന്മാരെല്ലാം ധോണിയുടെ ശേഖരത്തിലുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയ അതിഥി കൂടി എത്തുകയാണ്. ഇന്ത്യയിലെ  ആദ്യ ഗ്രാൻഡ് ചെറോക്കി ട്രാക്ഹോക്ക് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

ഇന്ത്യയിൽ വില്‍പനയിലില്ലാത്ത വാഹനം ധോണി പൂർണമായും ഇറക്കുമതി ചെയ്തതാണ്. അമേരിക്കയിൽ ഏകദേശം 62 ലക്ഷം രൂപ വിലയുള്ള വാഹനം ഇറക്കുമതി ചെയ്യുമ്പോൾ ഇറക്കുമതി ചുങ്കവും റോഡ് ടാക്സും അടക്കം 1.6 കോടി രൂപ വരും. ജീപ്പ് ശ്രേണിയിലെ ഏറ്റവും കരുത്തൻ എസ്‌യുവിയാണ് പെർഫോമൻസ് എഡിഷൻ മോഡലായ ട്രാക്ഹോക്ക്.

രണ്ടു വർഷം മുമ്പാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ഹോക്ക് പുറത്തിറക്കുന്നത്. 6.2 ലീറ്റർ സൂപ്പർചാർജ്ഡ് വി8 എച്ച്ഇഎംഐ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 707 ബിഎച്ച്പി കരുത്തും 875 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.62 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.