സച്ചിന്റെ സെഞ്ചുറിവേട്ടയ്ക്ക് ഇന്ന് 29–ാം പിറന്നാള്‍; ആദരവുമായി ക്രിക്കറ്റ് ലോകം

29 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓള്‍ഡ് ട്രഫോഡ് വേദിയായത് സച്ചിന്‍ തെന്‍ഡുല്‍ക്കറെന്ന പ്രതിഭയുടെ കന്നി സെഞ്ചുറിക്കായിരുന്നു. ലിറ്റില്‍ മാസ്റ്ററുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പിറന്നത്. ചരിത്രമുറങ്ങുന്ന ഓള്‍ഡ് ട്രഫോഡ് മൈതാനത്ത് നിന്നും പതിനെട്ട് വയസ് പോലും തികഞ്ഞിട്ടില്ലാത്ത സച്ചിന്‍ അന്ന് മടങ്ങിയത് കളിയിലെ കേമനുള്ള പുരസ്കാരവുമായാണ്.  അന്ന് തുടങ്ങിയ സെഞ്ചുറി പ്രണയം സെഞ്ചുറി കടന്ന ശേഷമാണ് സച്ചിന്‍ കളി അവസാനിപ്പിച്ചതെന്നതും മറ്റൊരു റെക്കോര്‍ഡാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 50 ഉം ഏകദിനത്തില്‍ നിന്ന് 49 സെഞ്ചുറികളും നേടിയ സച്ചിന്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നതിന് മുന്‍പായി തന്റെ നൂറാം സെഞ്ചുറിയും നേടിയിരുന്നു.  

ഓള്‍ഡ് ട്രഫോഡില്‍ സെഞ്ചുറി നേടി മടങ്ങുന്ന സച്ചിന്റെ ചിത്രം ട്വിറ്ററില്‍പങ്കുവച്ചാണ് ബിസിസിഐ ആദരം അറിയിച്ചത്. സുഹൃത്തുക്കളും, ആരാധകരും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്.

പതിനാറാം വയസില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ ഇറങ്ങിയ സച്ചിന്‍ 34,357 റണ്‍സാണ് സ്വന്തം പേരില്‍ കുറിച്ചത്. ശ്രീലങ്കയ്ക്കെതിരെ ആറ് വിക്കറ്റ് ജയം ഇന്ത്യയുടെ നീലപ്പട നേടിയ മത്സരമായിരുന്നു സച്ചിന്റെ അവസാന ലോകകപ്പ്. 2013 നവംബറില്‍ 200–ാം ടെസ്റ്റ് കളിച്ചാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മനോഹരമായ ഒരേടിന് ഇതിഹാസം അവസാനം കുറിച്ചത്.

കളിക്കളത്തില്‍ ഇല്ലെങ്കിലും ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിനും ടീം ഇന്ത്യയ്ക്ക് അവശ്യഘട്ടങ്ങളില്‍ വേണ്ട ഉപദേശം നല്‍കാനും കമന്ററി ബോക്സിലും എല്ലാം സച്ചിനെ കാണാം.