ക്യാച്ച് മി ഈഫ് യു ഫാൻ; ആരാധകനൊപ്പം വീണ്ടും ധോണിയുടെ ഓടിപ്പിടുത്തം; വിഡിയോ വൈറൽ

ഇഷ്ടതാരങ്ങളെ അടുത്തു കാണുന്നതും അവരോട് സംസാരിക്കുന്നതുമൊക്കെ ആരാധകർക്ക് എപ്പോഴും സന്തോഷമുണ്ടാകുന്ന കാര്യമാണ്.  അടുത്തെത്തിയ ആരാധകന് എളുപ്പം പിടികൊടുക്കാതിരിക്കുന്ന മഹേന്ദ്രസിങ്ങ് ധോണിയുടെ ഓടിപ്പിടുത്തം മുൻപും വൈറലായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു അത്. ആരാധകന് വേഗം പിടികൊടുക്കാതിരിക്കാൻ സഹകളിക്കാർക്കിടയിലൂടെ താരം ഓടുന്ന വിഡിയോ വൈറലായിരുന്നു. ‌

അതേ കളി ആവർത്തിച്ചിരിക്കുകയാണ് ചെന്നൈയിലും. ചെന്നൈ സൂപ്പര്‍കിങ്സിന്റെ പരിശീലനത്തിനിടെയാണ് ധോണിയുടെ അടുത്തേക്ക് ആരാധകൻ ഓടിയെത്തിയത്. എളുപ്പത്തിൽ ആരാധകന് പിടികൊടുക്കാതെ അടുത്തുണ്ടായിരുന്നവർക്കു ചുറ്റും ഓടുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ആണ് 'ക്യാച്ച് മീ ഈഫ് യു ഫാന്‍' എന്ന അടിക്കുറിപ്പോടെ വിഡിയോ പുറത്ത് വിട്ടത്. ഒടുവിൽ ഫാൻ ബോയിയുടെ അടുത്തെത്തി കൈ കൊടുത്ത് സംസാരിക്കുകയും ചെയ്തു.