ഇതാണ് അദ്ദേഹത്തിന്‍റെ ചരിത്രം; സച്ചിനെ രാജ്യദ്രോഹി ആക്കുന്നവരോട് ശരത് പവാറിന്‍റെ മറുപടി

ഇന്ത്യ–പാക് ലോകകപ്പ് മത്സരത്തിൽ നിന്ന് പിൻമാറരുതെന്ന സച്ചിൻ തെൻഡുൽക്കറുടെ അഭിപ്രായത്തിന് പിന്തുണയറിയിച്ച് എന്‍സിപി അധ്യക്ഷനും ഐസി സി, ബിസിസിഐ മുന്‍ അധ്യക്ഷനുമായ ശരത് പവാര്‍ രംഗത്ത്. മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറേണ്ട ആവശ്യമില്ലെന്നും പാക്കിസ്ഥാനെ വീണ്ടും കളിച്ചു തോൽപ്പിക്കുകയാണ് വേണ്ടതെന്നുമാണ് സച്ചിൻ പറഞ്ഞത്. സച്ചിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്തെത്തിയിരുന്നു. 

15-ാം വയസില്‍ പാക്കിസ്ഥാനെ തകര്‍ത്താണ് തന്‍റെ ഐതിഹാസിക കരിയറിന് സച്ചിന്‍ തുടക്കമിട്ടതെന്ന് ഓർക്കണമെന്നാണ് വിമര്‍ശകരോട് ശരത് പവാറിന്‍റെ മറുപടി. സച്ചിന്‍ ഭാരതരത്‌ന ജേതാവും സുനില്‍ ഗവാസ്‌കര്‍ രാജ്യത്തിന് അഭിമാനം നേടിത്തന്ന മറ്റൊരു ക്രിക്കറ്റ് കളിക്കാരനാണെന്നും ശരദ് പവാര്‍ പാര്‍ളിയില്‍ നടന്ന കോണ്‍ഗ്രസ് എന്‍സിപി സംയുക്ത റാലിയില്‍ അണികളെ ഓര്‍മിപ്പിച്ചു. 

ലോകകപ്പ് മത്സരത്തിനിടെ കളി ഉപേക്ഷിച്ച് രണ്ട് പോയന്റ് ഇന്ത്യ പാക്കിസ്താന് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും സച്ചിന്‍ പറഞ്ഞിരുന്നു.  പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിച്ച് രണ്ട് പോയിൻറ് നഷ്ടപ്പെടുത്തരുതെന്നാണ് സുനിൽ ഗവാസ്കറും അഭിപ്രായപ്പെട്ടത്. 

പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്, അസറുദ്ദീന്‍, ഗാംഗുലി മുതലായ താരങ്ങൾ അഭിപ്രായപ്പെട്ടത്.