ആ നിഗൂഢ സ്പിന്നറെ ശ്രീലങ്ക ടീമിലെടുത്തു; മാത്യൂസിനെ പുറത്താക്കി: അമ്പരപ്പ്

ക്ലബ് നിലവാരം പോലുമില്ലാത്ത കളി കാഴ്ച വയ്ക്കുന്നവരാണ് ശ്രീലങ്കയെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. അഫ്ഗാനും ബംഗ്ലാദേശുമെല്ലാം വിറപ്പിച്ചും തോൽപ്പിച്ചുമൊക്കെ വിടുന്ന നിലവാരത്തിലേയ്ക്ക് ശ്രീലങ്ക തരംതാഴുകയും ചെയ്തു. ഒരു കാലത്ത് ശ്രീലങ്ക കീഴടക്കാൻ ഒരുപാട് ബുദ്ധിമുട്ടുളള ഗിരിശൃംഗമായിരുന്നുവെങ്കിൽ ഇപ്പോൾ മുങ്ങുന്ന കപ്പലാണ്. തകർച്ചയിൽ നിന്ന് കരംകയറാൻ ശ്രമിക്കുന്ന ശ്രീലങ്കയിൽ നിന്ന് കൗതുകം ഉണർത്തുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. 

ഇരു കൈയും കൊണ്ട് പന്തെറിയുന്ന ഇരുപതുകാരനായ നിഗൂഢ സ്‌പിന്‍ ഓള്‍റൗണ്ടര്‍ കമിന്ദു മെന്‍ഡിസിനെ ടീമിലെടുത്താണ് ശ്രീലങ്ക ലോകത്തെ ഞെട്ടിച്ചത്. മെൻഡിസിനെ ഉൾപ്പെടുത്തിയപ്പോൾ നായകനു തന്നെ പുറത്തു പോകേണ്ടി വന്നു. എയ്ഞ്ചലേ മാത്യുസിനു പകരം തിസാര പെരേര ശ്രീലങ്കയെ നയിക്കും. 

ഇംഗ്ലണ്ടിനെതിരായ ഏക ടി20ക്കുള്ള 15 അംഗ സ്‌ക്വാഡിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ലങ്കയ്ക്കായി നിരവധി അണ്ടര്‍ 19 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കമിന്ദു ഇരു കൈയും കൊണ്ട് പന്തെറിഞ്ഞ് പലകുറി ശ്രദ്ധ നേടിയിരുന്നു. നല്ലൊരു ബാറ്റ്സ്മാന്‍ കൂടിയാണ് 2018 അണ്ടര്‍ 19 ലോകകപ്പില്‍ ലങ്കന്‍ നായകനായിരുന്ന താരം.നേരത്തെ ഇംഗ്ലണ്ടിനെതിരെ നടന്ന പരിശീലന മത്സരത്തില്‍ ശ്രീലങ്കന്‍ ഇലവന് വേണ്ടി കളിച്ചിരുന്നു. ഏകദിന പരമ്പരയ്ക്ക് മുന്‍പ് നടന്ന ഈ പരിശീലന മത്സരത്തില്‍ കാമിന്ദുവിനെ നേരിടാന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ പേസര്‍ ലസിത് മലിംഗയും ടീമിലെത്തി. ദിനേശ് ചന്ദിമല്‍, നിരോഷാന്‍ ഡിക്ക്‌വെല്ല, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ധനഞ്‌ജയ ഡി സില്‍വ, ഡാസുന്‍ ശനകാ, ഇസിരു ഉധാന, അഖില ധനഞ്‌ജയ, ദുഷ്‌മന്താ ചമീര, കാശുന്‍ രജിത, ലക്ഷ‌ാന്‍ സണ്ടകന്‍, നുവാന്‍ പ്രദീപ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. ശനിയാഴ്‌ച്ച പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.