'ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം'; 'സംപൂജ്യനായി' ഹസ്സൻ അലി; ട്രോൾ

ഒരു ഇന്നിങ്സിൽ ഇന്ത്യയുടെ പത്തു വിക്കറ്റും വീഴ്ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഏഷ്യാകപ്പിന് എത്തിയ പാക്കിസ്ഥാൻ താരം ഹസ്സൻ അലിയെ ‘ട്രോളി’ ക്രിക്കറ്റ് ആരാധകർ. ഏഷ്യാകപ്പിൽ ഇന്ത്യയുമായി രണ്ടു തവണ മുഖമുഖമെത്തിയിട്ടും ഒരു വിക്കറ്റ് പോലും നേടാനാകാതെ ‘സംപൂജ്യ’നായി തുടരുന്നതിനിടെയാണ് ഹസ്സൻ അലിയെ കളിയാക്കി ആരാധകർ രംഗത്തെത്തിയത്.

ഗ്രൂപ്പു ഘട്ടത്തിൽ ആദ്യമായി മുഖാമുഖമെത്തിയ മൽസരത്തിൽ നാല് ഓവർ ബോൾ ചെയ്ത ഹസ്സൻ അലി 33 റൺസ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയുമില്ല. താരതമ്യേന ചെറിയ വിജയലക്ഷ്യമായ 163 റൺസ് ഇന്ത്യ അനായാസം പിന്നിട്ടതോടെ ഹസ്സൻ അലിക്ക് അഞ്ച് ഓവർ പോലും ബോൾ ചെയ്യേണ്ടി വന്നില്ല. സൂപ്പർ ഫോർ റൗണ്ടിൽ വീണ്ടും മുഖാമുഖമെത്തിയപ്പോഴും ഹസ്സൻ അലി വെറും കൈയോടെ മടങ്ങി. ഒൻപത് ഓവർ ബോൾ ചെയ്ത ഹസ്സൻ 52 റൺസ് വഴങ്ങുകയും ചെയ്തു. രണ്ടു മൽസരങ്ങളും പാക്കിസ്ഥാൻ ദയനീയമായി തോൽക്കുകയും ചെയ്തു.

ഏഷ്യാകപ്പിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ്, തന്റെ ലക്ഷ്യം ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തുകയാണെന്ന് ഹസ്സൻ അലി പ്രഖ്യാപിച്ചത്. ഇന്ത്യക്കെതിരെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നതിനേക്കാൾ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് തന്നെ വീഴ്ത്താനാണ് ശ്രമം. അങ്ങനെ ലോകമെമ്പാടുമുള്ള ആരാധകരെ സന്തോഷിപ്പിക്കണം. തീർച്ചയായും സമ്മർദ്ദമുണ്ട്. എങ്കിലും സമ്മർദ്ദം ആസ്വദിക്കാനാണ് ശ്രമം. അങ്ങനെ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും' എന്നാണ് ടൂർണമെന്റ് തുടങ്ങന്നതിന് മുൻപ് ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഒരു വിക്കറ്റ് പോലും ഇടുക്കനാകാതെ  മടങ്ങിയ ഹസ്സൻ അലിയെ നോക്കി ഇങ്ങനെ പറഞ്ഞു 'ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം'