പന്ത്രണ്ട് വിരലുകൾ; ഓരോ ദിവസവും അതിജീവനം; സ്വപ്നം പോലൊരു 'സ്വപ്ന'

പരുക്കേറ്റ കവിളിൽ ബാൻഡെയ്ഡ് ഒട്ടിച്ച് മത്സരിക്കാനിറങ്ങിയ സ്വപ്ന ബർമാനെക്കണ്ട് ഗാലറിയിലിരുന്ന ചിലരെങ്കിലും അമ്പരന്നു. പക്ഷേ അമ്പരപ്പോ ആശങ്കയോ ഒന്നും സ്വപ്നയുടെ മുഖത്തുണ്ടായിരുന്നില്ല. കടുത്ത പല്ലുവേദനയെയും പരുക്കിനെയും അവൾ വകവെച്ചില്ല.

പ്രതിസന്ധികളെ അതിജീവിച്ചവൾ ജയിച്ചുകയറിയത് ചരിത്രത്തിലേക്കാണ്. ഹെപ്പാത്തലോണിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ വനിതാതാരമാണ് ഈ ഇരുപത്തിയൊന്നുകാരി. കരിയറിലുടനീളം കാത്തിരുന്ന വെല്ലുവിളികളെയാണ് 6026 എന്ന മികച്ച വ്യക്തിഗത സ്കോറിലൂടെ സ്വപ്ന മറികടന്നത്. 

ഓരോ കാലിലും ഒരധികവിരലുമായാണ് സ്വപ്ന ജനിച്ചത്. പന്ത്രണ്ട് വിരലുകൾ. അധികമാരും തിരഞ്ഞെടുക്കാത്ത, കടുപ്പമേറിയ ഹെപ്പാത്തലോൺ തന്നെ കായികയിനമായി തിരഞ്ഞെടുത്തു. 

ഓട്ടോറിക്ഷ ഡ്രൈവറാണ് അച്ഛൻ. അമ്മ വീട്ടമ്മയും. സ്വപ്നയുടെ അത്‌ലറ്റിക് കരിയറിൽ എന്തെങ്കിലും സംഭാവനകൾ നടത്താൻ ഇരുവർക്കും കഴിയില്ലെന്ന് സ്വപ്ന തിരിച്ചറിഞ്ഞു. അവിടുന്നങ്ങോട്ട് ഓരോ ദിവസവും സ്വപ്നക്ക് അതിജീവനത്തിന്റേതായിരുന്നു. 

പന്ത്രണ്ട് വിരലുകൾക്ക് പറ്റിയ ഷൂ വാങ്ങാനുള്ള പണമില്ലായിരുന്നു. സാധാരണ ഷൂ ധരിച്ചായി പരിശീലനം. കടുത്ത വേദന സഹിക്കേണ്ടിവരും പരിശീലനത്തിലുടനീളം. സ്വർണനേട്ടത്തിന് പിന്നാലെ സ്വപ്ന മുന്നോട്ടുവെച്ച ഒരേയൊരു ആവശ്യവും അതുതന്നെ.

''എന്റെ പന്ത്രണ്ട് വിരലുകൾക്ക് പറ്റിയ ഷൂ വേണം. ദയവായി സഹായിക്കണം''

മകളെ ഓർത്ത് മാതാപിതാക്കൾക്ക് അഭിമാനമേയുള്ളൂ. മകൾ സ്വർണം നേടുന്നതുകണ്ട് നിലവിളിക്കുകയായിരുന്നു സ്വപ്നയുടെ അമ്മ.  ഒരു മെഡൽ പോലും നേടാതെ തിരിച്ചുവരില്ലെന്ന് പറഞ്ഞാണ് അവൾ ജകാര്‍ത്തക്ക് തിരിച്ചത്. സ്വർണമെഡലുമായി മകൾ വീടെത്തുന്നതും കാത്തിരിക്കുകയാണ് ഈ അമ്മ.