'300 ഏകദിനങ്ങൾ കളിച്ചവനാ ഞാൻ; എനിക്ക് ഭ്രാന്തെന്നാണോ വിചാരം': പൊട്ടിത്തെറിച്ച് ധോണി

മഹേന്ദ്ര സിങ് ധോണി എന്ന പേര് തന്നെ അടയാളപ്പെടുത്തുന്നത് ഒരു ഇന്ദ്രജാലമാണ്. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലുമെല്ലാം ഇന്ദ്രജാലത്തോടെ ധോണി കളം നിറയുമ്പോൾ വിജയം ഇന്ത്യയ്ക്കൊപ്പം തന്നെ നിൽക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ ക്ഷോഭിക്കാതെ അയാൾ ഇന്ത്യൻ ക്രിക്കറ്റിനെ കെട്ടിപ്പൊക്കി. വളരെ ചുരുക്കം സമയങ്ങളിൽ മാത്രമാണ് ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ വിളിക്കുന്ന ധോണിയുടെ നിയന്ത്രണം നഷ്ടമാകുക. 

ധോണി ക്ഷമ നശിച്ച് കളിക്കളത്തിൽ പൊട്ടിത്തെറിച്ച ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. സ്പിന്നർ കുൽദീപ് യാദവ്. കഴിഞ്ഞ വർഷം നടന്ന ഇന്ത്യ– ശ്രീലങ്ക ട്വൻടി–20 മത്സരത്തിനിടയിലാണ് സംഭവം. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് നായകൻ. ഇന്ത്യ ഉയർത്തിയ 260 റൺസ് പിന്തുടരാനിറങ്ങിയ ശീലങ്കൻമാർ ബാറ്റ്സ്മാൻമാർ തകർപ്പൻ അടി പുറത്തെടുത്ത് ഇന്ത്യയെ സമ്മർദത്തിലാക്കുന്ന സമയം. തന്ത്രങ്ങൾ മെയ്യാൻ രോഹിതിനൊപ്പം സാക്ഷാൽ ധോണി.

തന്റെ നാലാമത്തെ ഓവർ എറിയാൻ എത്തിയതായിരുന്നു കുൽദീപ്. ബാറ്റ്സ്മാൻ  ബൗണ്ടറി നേടിയപ്പോൾ ധോണി കുൽദീപിനു സമീപമെത്തി നൽകിയ നിർദേശം ചെവികൊളളാൻ കുൽദീപ് തയ്യാറായില്ല. ബോൾ ചെയ്യാനെത്തിയപ്പോൾ ഫീൽഡിങ്ങിൽ ധോണി നടത്തിയ മാറ്റങ്ങളും കുൽദീപിന് ഇഷ്ടമായിരുന്നില്ല. തന്നെ അനുസരിക്കാൻ വിമുഖത കാട്ടിയ കുൽദീപിനോട് ധോണി പൊട്ടിത്തെറിച്ചു. 

300 മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്, എനിക്കെന്താ ഭ്രാന്താണെന്നാണോ വിചാരം?” ധോണി ക്ഷുഭിതനായി. പെട്ടന്നു തന്നെ കുല്‍ദീപ് ധോണി പറഞ്ഞതുപോലെ അനുസരിച്ചു. ഇതിനുപിന്നാലെ ഒരു വിക്കറ്റ് നേടുകയും ചെയ്തു. അത് കഴിഞ്ഞ് കുല്‍ദീപിന് അടുത്തെത്തിയ ധോണി ഇങ്ങനെ പറഞ്ഞു, ‘ഇതാണ് ഞാന്‍ പറഞ്ഞത് എന്ന്. മത്സരത്തില്‍ 52 റണ്‍സ് വഴങ്ങിയ കുല്‍ദീപ് മൂന്ന്  വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ഈഡൻ ഗാർഡനിൽ 2017 ൽ ഹാട്രിക് നേടാൻ തനിക്ക് തുണയായത് ധോണിയുടെ ഉപദേശമാണെന്ന് കുൽദീപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.