ഇന്ത്യ–പാക് മത്സരത്തിൽ ഒത്തുകളിക്ക് സമ്മർദ്ദം; ഉമർ അക്മലിന്‍റെ വെളിപ്പെടുത്തൽ; വിവാദം

ഇന്ത്യക്കെതിരായ മത്സരത്തില്‍ ഒത്തുകളിക്കാൻ സമ്മർദ്ദമുണ്ടെന്ന പാകിസ്താൻ ക്രിക്കറ്റ് താരം ഉമർ അക്മലിന്‍റെ വെളിപ്പെടുത്തൽ വിവാദത്തിൽ. സംഭവത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് താരത്തിന് നോട്ടീസ് അയച്ചു. 

ഇന്ത്യ–പാകിസ്താൻ മത്സരങ്ങളിലെല്ലാം ഒത്തുകളിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് ഒരു പ്രാദേശിക ചാനൽ അഭിമുഖത്തിൽ ഉമർ വെളിപ്പെടുത്തിയത്. ''2015 ലോകകപ്പിലെ ആദ്യ ഇന്ത്യ–പാക് മത്സരത്തിൽ ഒത്തുകളിക്കാൻ ആവശ്യപ്പെട്ട് ഓഫർ വന്നു. മോശമായി കളിച്ചാൽ രണ്ട് ലക്ഷം ഡോളർ ആയിരുന്നു വാഗ്ദാനം.  ഇന്ത്യക്കെതിരായ മത്സരങ്ങളിലെല്ലാം ഒത്തുകളി സമ്മർദ്ദമുണ്ടായിട്ടുണ്ട്. നിരവധി തവണ ഓഫറുകൾ വന്നെങ്കിലും എല്ലാം നിരസിച്ചു.''

ഒരിക്കലും ഒത്തുകളിക്ക് വഴങ്ങിയിട്ടില്ലെന്നും ആത്മാർഥമായാണ് പാകിസ്താന് വേണ്ടി കളിക്കുന്നതെന്നും ഉമർ അഭിമുഖത്തിൽ പറഞ്ഞു. 

വെളിപ്പെടുത്തലിനെ ഗൗരവമായി കാണുന്നുവെന്നായിരുന്നു ഐസിസിയുടെ പ്രതികരണം. ഇത്തരത്തിൽ എന്തെങ്കിലും ഒത്തുകളി നടന്നതായി സ്ഥിരീകരണമില്ല. കൂടുതൽ തെളിവുകൾക്കും വ്യക്തതക്കുമായി താരത്തോട് നേരിട്ട് സംസാരിക്കുമെന്നും ഐസിസി പറയുന്നു.