അട്ടിമറിക്കരുത്തുമായി സെനഗൽ മടങ്ങിയെത്തുന്നു; പതിനാറ് വർഷത്തിനുശേഷം

2002 ലോകകപ്പിലെ തിളക്കമാര്‍ന്ന പ്രകടനത്തിന് ശേഷം സെനഗല്‍ വീണ്ടും ലോകവേദിയിലെത്തുകയാണ്. പതിനാറ് വര്‍ഷത്തെ നിശബ്ദതയ്ക്ക് ശേഷമെത്തുന്ന സെനഗലിനെ എഴുതി തള്ളാനാവില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരെന്ന വീമ്പുമായെത്തിയ ഫ്രാന്‍സിനെ അട്ടിമറിച്ച സെനഗലിനെ ആരും മറക്കാനിടയില്ല. എതിരില്ലാത്ത ഒരുഗോളിനാണ് അന്ന് ഫ്രഞ്ച്പടയെ സെനഗല്‍ അട്ടിമറിച്ചത്.  സ്വീഡനേയും അട്ടിമറിച്ചു മുന്നേറിയ ആ കറുത്ത വിപ്ലവം ക്വാര്‍ട്ടര്‍ ഫൈനലിലാണ് അവസാനിച്ചത്.

പട്ടിണിയേയും ദാരിദ്രത്തേയും ഫുട്ബോളെന്ന മരുന്ന് കൊണ്ട് ഉണക്കുന്ന ആഫ്രിക്കന്‍ ആവേശത്തിന് ഇത്തവണ കരുത്ത് പകരുന്നത് ലിവര്‍പൂളിന്റെ മുന്നേറ്റതാം സദിയോ മാനെയാണ്. മാനെയ്ക്ക് കൂട്ടായി മൊണോക്കോ താരം കൈറ്റയുമുണ്ട്.

മധ്യനിരയില്‍ വെസ്റ്റ്ഹാം താരം കൗയറ്റയിലാണ് സെനഗലിന്റെ പ്രതീക്ഷകള്‍.പ്രതിരോധത്തില്‍ വന്‍മതിലാകുക നപ്പോളിയുടെ കൗലിബലിയാണ്.

പോളണ്ടും ജപ്പാനും കൊളംബിയയുമടങ്ങുന്ന ഗ്രൂപ്പിലാണ് സെനഗലിന്റെ സ്ഥാനം. ഇതിലും വലിയ ഗ്രൂപ്പില്‍ വിപ്ലവം സൃഷ്ടിച്ചുള്ള സെനഗല്‍ റഷ്യയിലും ആവര്‍ത്തികുമോയെന്ന് കാത്തിരുന്ന് കാണാം.