'ബ്രാവോ ബ്രോ ഇത് ക്യാച്ചോ സർക്കസോ'; ഐപിഎല്ലിലെ അത്ഭുത ക്യാച്ചിന് കയ്യടി: വിഡിയോ

ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് ചെന്നൈ കരുത്തുകാട്ടിയ മത്സരത്തിൽ താരമായത് ഡ്വെയ്ന്‍ ബ്രാവോയായിരുന്നു. ഷാക്കിബുൾ ഹസന്റെയും യൂസഫ് പത്താന്റെയും വിക്കറ്റ് എടുത്ത് ഹൈദരാബാദിന്റെ നടുവൊടിച്ച ബ്രാവോയായിരുന്നു കളിയിലെ താരം. യുസഫ് പത്താന്റെ വിക്കറ്റ് നേട്ടം അതിമനോഹരമായിരുന്നു. ബ്രാവോ എറിഞ്ഞ പതിനഞ്ചാമത്തെ ഓവറിൽ പത്താൻ കൂറ്റൻ അടിക്ക് ശ്രമിച്ചു. അതിസാഹസികമായ റിട്ടൺ ക്യാച്ചിൽ പത്താൻ വീണു ഹൈദരാബാദിന്റെ സ്വപ്നങ്ങളും. പന്ത് പിടിച്ച് മലക്കം മറിഞ്ഞ് സ്വതസിദ്ധമായ ശൈലിയിൽ ബ്രാവോയുടെ ഡാൻസും. അതിമനോഹരമായ ക്യാച്ചിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഇതെന്താ ക്യാച്ചോ അതോ സർക്കസോ, അത്രയധികം മെയ്‌വഴക്കമുണ്ടായിരുന്നു ആ ക്യാച്ചിനെന്ന് സമൂഹമാധ്യമങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു.  

തകർപ്പൻ പ്രകടനത്തിലൂടെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിന് യോഗ്യത നേടിയ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ രണ്ട് വിക്കറ്റിനാണ് ജയിച്ചത്. അഞ്ച് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ടീം വിജയത്തിലെത്തിയത്. ഒരു ഘട്ടത്തിൽ പരാജയത്തിലേക്ക് നീങ്ങിയെ ചെന്നൈയെ ഡുപ്ലെസിസിന്റെ ഒറ്റയാൾ പോരാട്ടമാണ് തുണച്ചത്. ഡുപ്ലെസിസ് 42 പന്തിൽ 67 റൺസെടുത്തു. റെയ്ന(22) താക്കൂർ(15) റൺസെടുത്തു. മറ്റ് ചെന്നൈ ബാറ്റ്സമാൻമാർ സമ്പൂർണ പരാജയമായിരുന്നു. സൺറൈസേഴ്സിനുവേണ്ടി സന്ദീപ് ശർമയും സിദ്ധാർഥ് കൗളും റാഷിദ് ഖാനും രണ്ടു വിക്കറ്റ് വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സൺറൈസേഴ്സ് ഇന്നിങ്സിൽ പിറന്ന നാലു സിക്സുകളും സ്വന്തം പേരിലെഴുതിയ വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്‌വയ്റ്റാണ് അവരുടെ ടോപ് സ്കോറർ. ബ്രാത്‌വയ്റ്റ് 29 പന്തിൽ ഒരു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 43 റൺസെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈ നിരയിൽ ഡ്വെയിൻ ബ്രാവോ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.