'സംഗതി നാട്ടുകാരൊക്കെയാണ്; അത് പുറത്ത്'; ബേസിലിനെ നിലംതൊടിക്കാതെ സഞ്ജു

കളിക്കളത്തിന് പുറത്തെ സൗഹൃദം മറന്നായിരുന്നു ബേസില്‍ തമ്പിയും സഞ്ജു സാംസണും ഐപിഎല്‍ മൈതാനത്ത് ഏറ്റുമുട്ടിയത് . 40 റണ്‍സെടുത്ത് രാജസ്ഥാനായി  സഞ്ജു സാംസണ്‍ തിളങ്ങിയപ്പോള്‍ നിര്‍ണായകമായ അവസാനഓവറില്‍ കൃത്യതയോടെ പന്തെറിഞ്ഞ് ബേസില്‍ തമ്പി ഹൈദരാബാദിന് ജയം സമ്മാനിച്ചു.

ഒരേനാട്ടുകാരനാണെന്ന പരിഗണനയൊന്നും കൊമ്പുകോര്‍ക്കാനെത്തിയപ്പോള്‍ സഞ്ജു ബേസിലിന് നല്‍കിയില്ല. ഒരു സ്റ്റൈലിഷ് ബാക്ക് ഷോട്ട് പഞ്ചിലൂടെ ആദ്യബോള്‍ തന്നെ അതിര്‍ത്തി കടത്തി. തലങ്ങും വിലങ്ങും ബേസിലിനെ ബൗണ്ടറികടത്തിയ സഞ്ജു കൂട്ടുകാരന്റെ ആദ്യ ഓവറില്‍ സ്കോര്‍ ചെയ്തത് 17 റണ്‍സ്. 30 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ സഞ്ജുവാണ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കൊപ്പം രാജസ്ഥാനെ മുന്നോട്ടുനയിച്ചത്.

അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണ്ടപ്പോള്‍ ക്യാപ്റ്റന്‍ വില്യംസണ്‍ പന്തേല്‍പ്പിച്ചത് ബേസില്‍ തമ്പിയെ. അഞ്ചാംപന്തില്‍ കൃഷ്ണപ്പ ഗൗതമിനെ കൂടാരം കയറ്റി ബേസില്‍ ഡെത്ത് ഓവറിന് ചേരുന്ന ബോളറാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.നിര്‍ണായകമായ അവസാന ഒാവറില്‍ കൃത്യതയോടെ പന്തെറിഞ്ഞതോടെ 11 റണ്‍സിന്റെ ജയം ബേസില്‍  കഴുകന്‍മാര്‍ക്ക് സമ്മാനിച്ച് കെയിന്‍ വില്യംസണിന്റെ വിശ്വാസം കാത്തു.