ബിസിസിഐക്ക് തിരിച്ചടി, വൻ പിഴ; ടസ്കേഴ്സിന് 550 കോടി നല്‍കണം

ഐ.പി.എല്‍ മല്‍സരങ്ങളില്‍ നിന്ന് പുറത്താക്കിയ കൊച്ചി ടസ്ക്കേഴ്സിന് അഞ്ഞൂറ്റിയന്‍പത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഇതിനു പുറമെ പതിനെട്ട് ശതമാനം വാര്‍ഷികപിഴയും ബി.സി.സി.ഐ നല്‍കണം. ആര്‍ബിട്രേഷന്‍ ഫോറത്തിന്‍റെ ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസ് എ.കെ.ഗോയല്‍ അധ്യക്ഷനായ രണ്ടംഗബെഞ്ചിന്‍റെ നടപടി. 

ആര്‍ബിട്രേഷന്‍ ഫോറത്തിന്‍റെ ഉത്തരവിനെതിരെ ബി.സി.സി.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. നഷ്ടപരിഹാരവും വാര്‍ഷികപിഴയും അതേപടി തന്നെ നിലനിര്‍ത്തി. ആര്‍ബിട്രേഷന്‍ നിയമത്തിലെ പുതിയ വകുപ്പുകളാണ് കേസില്‍ ബാധകമെന്ന ബി.സി.സി.ഐ വാദം കോടതി തളളി. ഭേദഗതി നിയമം വരുന്നതിന് മുന്‍പുളള കേസാണ് കൊച്ചി ടസ്ക്കേഴ്സിന്‍റേതെന്നും വിലയിരുത്തി. 

കോടതിക്ക് പുറത്തുളള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നേരത്തേ പരാജയപ്പെട്ടിരുന്നു. 2011 സെപ്റ്റംബറിലാണ് കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് കൊച്ചി ടസ്ക്കേഴ്സിനെ ഐ.പി.എല്‍ മല്‍സരങ്ങളില്‍ നിന്ന് ബി.സി.സി.ഐ ഒഴിവാക്കിയത്. ബാങ്ക് ഗാരന്‍റി ഇനത്തില്‍ കെട്ടിവച്ച തുക സംബന്ധിച്ചും തര്‍ക്കമുണ്ടായി. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്ക്കേഴ്സ് ആര്‍ബിട്രേഷന്‍ ഫോറത്തെ സമീപിച്ച് അനുകൂലഉത്തരവ് സമ്പാദിച്ചു. ഇതിനെയാണ് സുപ്രീംകോടതിയില്‍ ബി.സി.സി.ഐ ചോദ്യംചെയ്തത്.