ബാഴ്സയിലും അയ്യപ്പഗാനത്തിന്‍റെ ഈണം..? അമ്പരപ്പോടെ മലയാളികൾ

നെയ്മറിന് പകരക്കാരനായി ലിവർപൂളിൽ നിന്ന് ബാഴ്സലോണയിലേയ്ക്ക് ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടിഞ്ഞോ എത്തിയപ്പോൾ ഞെട്ടിയത് മലയാളികൾ. കുട്ടിഞ്ഞോ കോച്ച് ഏണസ്റ്റോ വൽവദെയ്ക്ക് ഹസ്തദാനം നൽകുന്ന വിഡിയോ ദൃശ്യത്തിന് പശ്ചാത്തല സംഗീതമായി മുഴുങ്ങുന്നത് മലയാളികളുടെ പ്രിയഗാനം സ്വാമിയേ അയ്യപ്പ, അയ്യപ്പ സ്വാമിയേ എന്ന ഗാനമാണോയെന്ന് വെറുതെ ഒരു സംശയം. അത്ഭുതകരമായ സാമ്യമാണ് ബാർസയുടെ 39 സെക്കന്റോളമുളള വിഡിയോയിൽ ഉളളത്. 

സംഗതി ഒഫിഷ്യലാണോ അല്ലെങ്കിൽ ഭാഷാപരമായ യാദൃശ്ചികതയാണോ എന്നൊന്നും വ്യക്തമല്ലെങ്കിലും ബാർസയുടെ വിഡിയോയിലെ ‘ഭക്തി ഈണം’ മലയാളികൾ ആസ്വദിച്ചു കഴിഞ്ഞു.  കേള്‍ക്കുന്നവര്‍ കേള്‍ക്കുന്നവര്‍ അമ്പരപ്പോടെ മൂക്കത്ത് വിരല്‍വെച്ചുപോകും എന്നുറപ്പ്. 

കോച്ചിനൊപ്പമുള്ള ഫോട്ടോഷൂട്ടിനു ശേഷം താരം കാറില്‍ കയറി മടങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വിഡിയോയുടെ അവസാനത്തില്‍ ബാര്‍സ ലോഗോ പ്രദര്‍ശിപ്പിക്കുന്നിടത്തും ഉപയോഗിച്ചിരിക്കുന്നത് അയ്യപ്പ ഗാനം തന്നെ. ഏകദേശം 1219 കോടി രൂപയ്ക്കാണ് കുട്ടിഞ്ഞോയെ ബാഴ്‌സ തട്ടകത്തിലെത്തിച്ചത്. അഞ്ചര വര്‍ഷത്തേക്കാണ് സ്പാനിഷ് ക്ലബ്ബുമായി കുട്ടിഞ്ഞോ കരാറൊപ്പിട്ടത്. 1600 കോടി രൂപയ്ക്ക് ബാഴ്‌സയില്‍ നിന്നും ബ്രസീല്‍ താരം നെയ്മര്‍ പി.എസ്്.ജിയിലേക്ക് കൂടുമാറിയിരുന്നു.