ഐഎസ്എൽ; ഗോവ 5-1ന് ഡൽഹിയെ തകർത്തു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌.സി. ഗോവ  ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഡൽഹി ഡൈനാമോസിനെ തകർത്തു. ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മൽസരത്തിൽ ഗോവ ഡൽഹിയെ ഗോൾ മഴയിൽ മുക്കി. മൽസരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലായിരുന്ന ഗോവ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ നേടി. 

സ്പാനിഷ് മുന്‍നിരതാരം ഫെറാന്‍ കോറോമിനാസാണ് ആദ്യ പകുതിയുടെ അധിക സമയത്ത് ഗോവയെ മുന്നിലെത്തിച്ചത്. അടുത്ത മിനിറ്റിൽ മാനുവല്‍ ലാന്‍സറോട്ടി രണ്ടാം ഗോളും നേടി. ബോൾ കയ്യടക്കത്തിനൊപ്പം ഒരേ സമയം ശക്തമായ പ്രതിരോധവും മികച്ച ആക്രമണവുമാണ് ഗോവ കാഴ്ചവച്ചത്. ഡൽഹി താരം പ്രീതം കോട്ടാലിന്റെ(84) സെൽഫ്ഗോളും അതിഥേയർക്ക് തിരിച്ചടിയായി. അഡ്രിയാനും(85) മാനുവൽ അരാനയും(88) ഗോവയ്ക്കായ് ഗോളുകൾ നേടി. അറുപത്തിരണ്ടാം മിനിറ്റിൽ കാളു ഉചെയാണ് ഡൽഹിയുടെ ആശ്വാസ ഗോൾ നേടിയത്. 

തുടർച്ചയായ രണ്ടാം മൽസരത്തിലാണ് എതിർ ടീമിനെതിരെ ഗോവ അഞ്ചു ഗോളുകൾ നേടുന്നത്. കഴിഞ്ഞ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ജയത്തോടെ 12 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തേക്കുയർന്നു. അഞ്ചു കളികളിൽ നാലു തോൽവിയും ഒരു ജയവും മാത്രമുള്ള ഡൽഹി ഒൻപതാം സ്ഥാനത്താണ്.