ഇന്ധന ടാങ്കിനടിയില്‍ ഒളിപ്പിച്ചു; 42 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തിയ നാല്‍പ്പത്തി രണ്ട് ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ വിജയകുമാര്‍, രഞ്ജിത്ത് എന്നിവരെയാണ് വാളയാര്‍ പൊലീസ് പിടികൂടിയത്. കോയമ്പത്തൂരില്‍ പഴയ സ്വര്‍ണം വിറ്റ് കിട്ടിയ പണവുമായി സംഘമെത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം 

ഇന്ധനം നിറയ്ക്കാനുള്ള ടാങ്കിനടിയില്‍ പണവും ഒളിപ്പിക്കാമെന്ന് തെളിയിക്കുകയാണ് ഈ ദൃശ്യങ്ങള്‍. ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാവാത്ത മട്ടിലുള്ള സുരക്ഷാ അറ. പക്ഷേ ഇന്ധന ടാങ്കിനെ രണ്ട് ഭാഗമായി മാറ്റിയുള്ള തന്ത്രം. സംശയം തോന്നി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നുള്ള പരിശോധനയിലാണ് പണത്തിന്റെ ഉറവിടം കണ്ടെത്തിയത്. ടാങ്ക് കവര്‍ ഇളക്കി നോക്കിയതിന് പിന്നാലെ അഞ്ഞൂറിന്റെ നോട്ടുകള്‍. എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ നാല്‍പ്പത്തി രണ്ട് ലക്ഷം രൂപ.  പഴയ സ്വര്‍ണം പതിവായി ശേഖരിച്ച് വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോയമ്പത്തൂരിലെ ഇടപാടിന് ശേഷം വാളയാര്‍ അതിര്‍ത്തി കടന്ന് വരുമ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. ഇവരുടെ കൈവശം പണവുമായി ബന്ധപ്പെട്ട് യാതൊരു രേഖയുമുണ്ടായിരുന്നില്ല. ഇരുവരും നേരത്തെയും സമാനരീതിയില്‍ പണം കടത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെ അനധികൃത പണം വരവ് പിടികൂടുക ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ വിപുലമായ പരിശോധനയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.