പെട്രോള്‍ പമ്പില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; അറസ്റ്റ്

കൊല്ലം ചിതറയില്‍ പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി. മണ്ണുമാന്തിയന്ത്രം ഉടമസ്ഥര്‍ തമ്മിലുളള കുടിപ്പകയാണ് കൊലപാതകശ്രമത്തിന് കാരണം. 

ചിതറ പേഴുംമൂട് സ്വദേശി ജിൻഷാദ് മൻസിലിൽ ജിൻഷാദ്, ഐരക്കുഴി സ്വദേശി അമൽ സദനത്തിൽ അഖിൽ കൃഷ്ണ, വേങ്കോട് സ്വദേശി വിഘനേഷ് ഭവനിൽ 18 വയസുള്ള വിഗ്നേഷ് എന്നിവരാണ് പ്രതികള്‍. 

കഴിഞ്ഞ പന്ത്രണ്ടിന് വൈകിട്ടാണ് കേസിനാസ്പദമായത് നടന്നത്. മാങ്കോട് കോത്തല റഹ്മത്ത് മന്‍സില്‍ മുഹമ്മദ് റാഫിയെയാണ് പ്രതികൾ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മുഹമ്മദ് റാഫി തന്റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തിയന്ത്രം ചിതറയിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്നു. മുന്‍വൈരാഗ്യമുളള പ്രതികളിലൊരാളായ ജിന്‍ഷാദും മണ്ണുമാന്തിയന്ത്രം ഇവിടെ എത്തിച്ച് നിര്‍ത്തിയിട്ടു. ഇതിനിടെ ജിന്‍ഷാദിനൊപ്പം ജോലി ചെയ്യുന്ന വിഗ്നേഷും, അഖിൽ കൃഷ്ണനും, അമൽ കൃഷ്ണയും മുഹമ്മദ് റാഫിയുടെ വാഹനം കുത്തി തുറക്കുവാൻ ശ്രമിച്ചു. ഇത് മുഹമ്മദ് റാഫി തടഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകശ്രമം. വിവരം അറിഞ്ഞെത്തിയ ജിൻഷാദ് കൈവശം ഉണ്ടായിരുന്ന വാളുകൊണ്ട് മുഹമ്മദ് റാഫിയെ കഴുത്തിന് വെട്ടി. 

സ്ഥലത്തുണ്ടായിരുന്നവരാണ് മുഹമ്മദ് റാഫിയെ ആശുപത്രിയിലെത്തിച്ചത്. ഇതിനുശേഷം തമിഴ്നാട്ടിലേക്ക് ഉള്‍പ്പെടെ ഒളിവില്‍ പോയ പ്രതികളെ വിവിധയിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ പ്രതിയായ അമൽ കൃഷ്ണയെ പിടികൂടുമെന്നും ജിൻഷാദ് കഴുത്തിന് വെട്ടാൻ ഉപയോഗിച്ച വാൾ കടയ്ക്കൽ ആലുംമുക്കിലുളള തോട്ടില്‍ നിന്ന് കണ്ടെത്തിയെന്നും ഇന്‍സ്പെക്ടര്‍ ശ്രീജിത് അറിയിച്ചു. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. 

murder attempt at petrol pump