ആനക്കൊമ്പും തോക്കും ആയുധങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍

attappadi-arrest
SHARE

പാലക്കാട് അട്ടപ്പാടിയില്‍ ആനക്കൊമ്പും തോക്കും ആയുധങ്ങളുമായി നായാട്ട് സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം സ്വദേശികളായ യൂസ്തസ് ഖാന്‍, അസ്കര്‍ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസിലാക്കിയതിന് പിന്നാലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. 

സിബിയുടെ ഇലച്ചിവഴിയിലെ വീട്ടിലാണ് ആനക്കൊമ്പും ആയുധങ്ങളും സൂക്ഷിച്ചിരുന്നത്. ആനക്കൊമ്പ് വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു വനംവകുപ്പിന്റെ പരിശോധന. സിബിയുമായി ഇടപാടുറപ്പിച്ച അസ്കറും, യൂസ്തസ് ഖാനും ആനക്കൊമ്പ് വാങ്ങാനെത്തിയതായിരുന്നു. ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസിലാക്കി സിബിയുടെ കൂട്ടാളി പുതൂര്‍ സ്വദേശി ഷെരീഫ് ഓടി രക്ഷപ്പെട്ടു. രണ്ട് ആനക്കൊമ്പ്. ആറ് നാടന്‍ തോക്കുകള്‍. 

പുലിയുടെയും കരടിയുടെയും പല്ലുകള്‍ എന്നിവയും കണ്ടെടുത്തു. വെടിമരുന്നും നായാട്ടിന് ഉപയോഗിക്കുന്ന ആയുധങ്ങളും പിടികൂടി. പിടിയിലായ സിബി സ്ഥിരം കുറ്റവാളിയെന്നാണ് വനംവകുപ്പ് പറയുന്നത്. വനം കുറ്റകൃത്യത്തിന് പുറമെ പൊലീസ്, എക്സൈസ് വകുപ്പുകളിലും കേസുകള്‍ നിലവിലുണ്ട്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വനംവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിബിയുടെ നേതൃത്വത്തില്‍ അട്ടപ്പാടി വനമേഖലയില്‍ പതിവായി മൃഗവേട്ട നടത്തിയിരുന്നതായി വിവരമുണ്ട്. പരിശോധനയ്ക്കിടെ രക്ഷപ്പെട്ട ഷെരീഫിനായി തെരച്ചില്‍ ഊര്‍ജിതമാക്കി. കൊച്ചി വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ, തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സ്ക്വാഡ്, അട്ടപ്പാടി വനം റേഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തി നായാട്ട് സംഘത്തെ പിടികൂടിയത്. 

Three persons were arrested with ivory, guns and weapons

MORE IN Kuttapathram
SHOW MORE