students-clash-04

TAGS

 

പാലക്കാട് കുമരനെല്ലൂർ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വീണ്ടും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ക്കും തടയാനെത്തിയ അധ്യാപകനും ഉള്‍പ്പെടെ പരുക്കേറ്റു. തൃത്താല പൊലീസിന്റെ സാന്നിധ്യത്തില്‍ പിടിഎ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. 

 

രാവിലെ സ്കൂള്‍ വരാന്തയിലാണ് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അധ്യാപകര്‍ ഇടപെട്ടിട്ടും സംഘര്‍ഷം ഏറെ നേരം തുടര്‍ന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അഞ്ചുപേര്‍ക്കാണ് കാര്യമായി പരുക്കേറ്റത്. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കേറ്റവരും ചികില്‍സ തേടി. സംഘര്‍ഷം തടയാനെത്തിയ അധ്യാപകനും പരുക്കേറ്റു. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ തൃത്താല പൊലീസ് സ്കൂളിലെത്തി സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. പരസ്പരം ആക്രമിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ച് വരുത്തി അടിയന്തര പി.ടി.എ യോഗവും ചേര്‍ന്നു. 

 

കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചു.  ദിവസങ്ങൾക്ക് മുന്‍പാണ് കുമരനെല്ലൂർ ടൗണിൽ എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികൾ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലിയത്. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ നടന്ന് പോയതായിരുന്നു തര്‍ക്ക കാരണം. വീണ്ടും സംഘര്‍ഷമുണ്ടായതിന്റെ കാരണം അധ്യാപകര്‍ക്കും വ്യക്തമല്ല. തുടര്‍ച്ചയാവുന്ന സംഘര്‍ഷം ഒഴിവാക്കാന്‍ മാതൃകാപരമായ പൊലീസ് ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. 

 

Palakkad Kumaranellur school students clash