tamilnadu-murder

തമിഴ്നാട് തിരുനെൽവേലിയിൽ പ്രണയം നിരസിച്ചതിന്  യുവതിയെ, പതിനേഴുകാരന്‍ വെട്ടി കൊലപ്പെടുത്തി. സന്ധ്യയെന്ന ഫാൻസി സ്റ്റോർ ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പതിനേഴുകാരനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

തിരുനെൽവേലി ടൗണിലെ ഒരു ഫാൻസി സ്റ്റോർ ജീവനക്കാരിയായ സന്ധ്യ എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇതേ കടയിലെ ജീവനക്കാരൻ തന്നെയായിരുന്ന 17 കാരനാണ് കൊല നടത്തിയത്. പ്രതി നിരവധി തവണ സന്ധ്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. യുവതി വഴങ്ങാതെ വന്നതോടെ അടുത്തിടെ കടയിൽ കൗമാരക്കാരൻ ബഹളമുണ്ടാക്കുകയും ചെയ്തു.   കഴിഞ്ഞ ദിവസം ഉടമ ഇയാളെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു. തിങ്കളാഴ്ച ഉച്ചയോടെ കടയിലേയ്ക്ക് സാധനങ്ങൾ എടുക്കാൻ അടുത്തുള്ള ഗോഡൗണിൽ പോയ സന്ധ്യ ഏറെ നേരം കഴിഞ്ഞും മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗോഡൗണിൽ കഴുത്തിന് വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ സന്ധ്യയെ കണ്ടെത്തിയത്.  

 

ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരണപ്പെട്ടു. തിരുനെൽവേലി ടൗൺ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതി 17 കാരനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രദേശത്തെ സിസിടിവിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൗമാരക്കാരനെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സന്ധ്യയുടെ ബന്ധുക്കൾ നഗരത്തിലെ റോഡ് ഉപരോധിച്ചു. എസ്.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ ചർച്ച തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കൃത്യത്തിനു ശേഷം പ്രദേശത്തു നിന്നു രക്ഷപ്പെട്ട 17 കാരനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് െപാലീസ്.