ഡല്‍ഹിയില്‍ മലയാളി ബിസിനസുകാരന്റെ കൊലപാതകത്തില്‍ സിസി ടിവി പരിശോധനയില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതെ പൊലീസ്. കൊല്ലപ്പെട്ട സുജാതന്റെ പിന്നാലെ മൂന്നുപേര്‍ നടക്കുന്നതായി അവ്യക്തമായ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സുജാതന്റെ മൃതദേഹം ദ്വാരകയിലെ പൊതുശ്മശാനത്തില്‍ ഉച്ചയോടെ സംസ്കരിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സുജാതന്‍ ജയ്പൂരിലേക്ക് ബിസിനസ് ആവശ്യത്തിനായി വീട്ടില്‍നിന്ന് ഇറങ്ങിയത്. പിറ്റേദിവസം, അതായത് വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ വീടിന് സമീപത്തെ പാര്‍ക്കില്‍ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തി. വീടിന് സമീപം മുതല്‍ പാര്‍ക്ക് വരെയുള്ള സിസി ടിവികളാണ് പൊലീസ് പരിശോധിച്ചത്. സുജാതന്‍ നടന്ന് പാര്‍ക്കിലേക്ക് കയറുമ്പോള്‍ മറ്റ് മൂന്നുപേര്‍ പിന്തുടര്ന്ന് വരുന്നത് അവ്യക്തമായി കാണാം. പാര്‍ക്കിലേക്ക് കയറേണ്ട ആവശ്യമില്ലാത്ത സുജാതനെ ഭീഷണിപ്പെടുത്തി പാര്‍ക്കിലേക്ക് നടത്തിയതാണോ എന്നതടക്കമുള്ള സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്. സുജാതന്റെ പഴ്സ്, മൊബൈല്‍ഫോണ്‍ എന്നിവ നഷ്ടപ്പെട്ടതിനാല്‍,,, മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയമാണ് ബന്ധുക്കളും സുഹൃത്തുക്കളും ഉയര്‍ത്തുന്നത്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ട്. കയ്യിലാകട്ടെ ആഴത്തിലുള്ള മുറിവും. ഇതോടെ ആത്മഹത്യ സാധ്യത പൊലീസും പൂര്‍ണമായി ഉപേക്ഷിച്ചു. ദ്വാരക നോര്‍ത്ത് പൊലീസ് കൊലക്കുറ്റം ചുമത്തിയാണ് കേസ് അന്വേഷിക്കുന്നത്. പി.പി.സുജാതന്റെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും എസ്എന്‍ഡിപിയും ഡല്‍ഹി മലയാളി അസോസിയേഷനും രംഗത്തുണ്ട്. എസ്എന്‍ഡിപി ദ്വാരക ശാഖാ സെക്രട്ടറി കൂടിയായിരുന്നു സുജാതന്‍. ഹരിനഗർ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയില്‍ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി, വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ദ്വാരക സെക്ടര്‍ 24ലെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.