idukki-case

രണ്ട് വര്‍ഷം മുമ്പ് ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ അവസാന ഘട്ടത്തിലേക്ക്. പ്രോസിക്യൂഷന്‍റെ വിചാരണ പൂര്‍ത്തിയായി.. ഈ മാസം മുപ്പതിന് പ്രതിഭാഗം വിചാരണ തുടങ്ങാനാണ് സാധ്യത. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

2021 ജൂണ്‍ മുപ്പതിന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ലയത്തില്‍ ആറ് വയസുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി എന്നതാണ് കേസ്. സമീപവാസിയായ അര്‍ജുന്‍ എന്ന യുവാവാണ് പ്രതി. കഴിഞ്ഞ വര്‍ഷം മെയ് മാസം കട്ടപ്പന അതിവേഗ കോടതിയില്‍ തുടങ്ങിയ വിചാരണ നടപടികളാണ് അന്തിമ ഘട്ടത്തിലേക്കെത്തുന്നത്.. സാക്ഷികളാക്കിയിരുന്ന 48 പേരെ കോടതിയില്‍ വിസ്തരിച്ചു. അറുപത്തിയൊമ്പതിലധികം രേഖകളും 16 വസ്തുക്കളും തെളിവായി നല്‍കിയിട്ടുണ്ട്. പ്രതിഭാഗം സാക്ഷികളില്‍ നിന്ന് മൂന്ന് പേരെയും പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രതിക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ചുമത്തണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചിരുന്നു. പ്രതിയും ഇതേ വിഭാഗത്തില്‍ പെട്ടതിനാലാണ് ആവശ്യം തള്ളിയത്.. അതേസമയം, വിചാരണ അവസാനത്തിലെത്തിയ സമയത്ത് ജഡ്ജിയെ സ്ഥലംമാറ്റിയതില്‍ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.

 

പെണ്‍കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതല്ലെന്നും കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് പെണ്‍കുട്ടി മരിച്ചതെന്നുമാണ് കോടതിയില്‍ പ്രതിഭാഗം വാദിച്ചിരുന്നത്. അനാവശ്യ പരാതികള്‍ നല്‍കി വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ പ്രതിഭാഗം അഭിഭാഷകന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാല്‍ പ്രോസിക്യൂഷന്‍ േകസില്‍ ആത്മവിശ്വാസത്തിലാണ്. ഈ മാസം 30ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രതിഭാഗത്തിന്‍റെ വിചാരണ അടുത്ത മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ശേഷം കട്ടപ്പന അതിവേഗ കോടതി ജഡ്ജി വി.മഞ്ജു വിധി പറയും.