house-issue

മറാഠാ വിഭാഗക്കാരിയായ യുവതിയ്ക്ക് ഗുജറാത്ത് സ്വദേശികള്‍ നിയന്ത്രിക്കുന്ന മുംബൈയിലെ ഹൗസിങ് സൊസൊറ്റിയില്‍ ഫ്ലാറ്റ് നിഷേധിച്ചെന്ന് പരാതി. സൊസൈറ്റി അധികൃതരും യുവതിയും തമ്മിലുള്ള കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍‌ വൈറലായതോടെ പൊലീസ് കേസെടുത്തു. സംഭവം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും തുടക്കമിട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

മുംബൈയിലെ മുളുണ്ട് വെസ്റ്റില്‍ ഫ്ലാറ്റ് അന്വേഷിച്ചുചെന്ന യുവതിക്കും ഭര്‍ത്താവിനും നേരിട്ട അനുഭവമാണിത്. മറാഠാ വിഭാഗത്തില്‍പെട്ട കുടുംബത്തിന് ഫ്ലാറ്റ് തരാന്‍ കഴിയില്ല എന്നായിരുന്നു ശിവ്സദന്‍ സൊസൈറ്റി അധികൃതരുടെ മറുപടി. വാക്കേറ്റം ഒടുവില്‍‌ കയ്യാങ്കളിയിലേക്ക് എത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതിയുടെ ഫോണ്‍ ഇവര്‍ പിടിച്ചുവാങ്ങി. ഗുജറാത്ത് സ്വദേശികള്‍ നിയന്ത്രിക്കുന്ന സൊസൈറ്റി മറാഠാ വിഭാഗക്കാരോട് സ്വീകരിക്കുന്ന ഈ സമീപനം കാണുന്നില്ലേ എന്ന് യുവതി. 

 

ദ‍ൃശ്യങ്ങള്‍ സാമൂഹ്യമധ്യമങ്ങളില്‍ വൈറലായതോടെ ഫോണ്‍ പിടിച്ചുവാങ്ങിയ പ്രവീണ്‍ തക്കാറിനും മകനുമെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ മറാഠാ വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്ന നടപടിയാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ ആരോപിച്ചു. വിഷയത്തില്‍ മറുപടി ആവശ്യപ്പെട്ട് കമ്മിഷന്‍ സഹകരണവകുപ്പ് കമ്മിഷണര്‍ക്ക് നോട്ടിസ് നല്‍കി. ശിവസേന ഉദ്ധവ് വിഭാഗവും എംഎന്‍എസും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ വലിയ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.