മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ് . ടവർ ലോക്കേഷനും സി സി ടി വിയും കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലും കൊലപാതകത്തെ പറ്റി സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ 18 നാണ് സ്യൂട്ട്കെസിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം നടത്തിയ ശേഷം പെരുമ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഉറപ്പിക്കുന്നു വിരാജ്പേട്ട പൊലീസ് . ആരുടെ മൃതദേഹം , കൊലപാതകം ആര് നടത്തിയെന്നതിൽ പൊലീസിന് ഉത്തരമില്ല. സ്യൂട്ട് കേസിലെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ അഴുകിയതിനാൽ ഡി എൻ എ പരിശോധനയില്ലാതെ ആളെ തിരിച്ചറിയാനാവില്ല. അതിനും ബന്ധുക്കളെ കണ്ടത്തേണ്ടതുണ്ട്.സ്യൂട്ട് കേസിൽ നിന്ന് ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.കേരള , കർണാടക , തമിഴ് നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കാണാതായ കേസുകളുടെ വിവരം ശേഖരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ യുവതിയുടെ വീട്ടിലെത്തി
വിരാജ് പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ യുവതി കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തി. മൃതദേഹത്തിന്റെ പഴക്കം സംശയിക്കുന്ന ദിവസങ്ങൾക്കു മുൻപ് കൂട്ടുപുഴ ഭാഗത്തേക്കും പെരുമ്പാടി ഭാഗത്തേക്കും കടന്നു പോയ മുഴുവൻ വാഹനങ്ങളുടെയും സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുകയാണ്.25 - 30 വയസ് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടത്തിൽ നിന്ന് വ്യക്തമായ കാര്യം.
Deadbody in suitcase ; probe going on
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.