student-death-3

TAGS

 

തമിഴ്നാട് പുതുക്കോട്ടയിൽ മുടിവെട്ടാൻ ആവശ്യപ്പെട്ട് അധ്യാപകൻ ശകാരിച്ചതിന് പിന്നാലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്കൂളിന് പിന്നിലെ മരത്തിലാണ് വിദ്യാർത്ഥി തൂങ്ങി മരിച്ചത്. പ്രതിഷേധം ശക്തമായതോടെ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. പുതുക്കോട്ട ജില്ലയിലെ മെച്ചുവടി സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. വിജയപുരം സ്വദേശികളായ കണ്ണയ്യ മാരിക്കണ്ണ്  ദമ്പതികളുടെ ഇളയ മകൻ 17 വയസ്സുകാരൻ മാതേഷ്, പരീക്ഷ എഴുതാനായി ഇന്നലെ സ്കൂളിൽ എത്തിയിരുന്നു.

 

നീട്ടി വളർത്തിയ മുടിയും താടിയും വെട്ടാൻ വിദ്യാർത്ഥിയോട് നേരത്തെ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുടി വെട്ടാതെ എത്തിയ വിദ്യാർത്ഥിയെ പാദവാർഷിക പരീക്ഷ എഴുതുന്നതിൽ നിന്നും പ്രധാന അധ്യാപകൻ വിലക്കി. രാവിലെ 11 മണിയോടെ സ്കൂളിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി വൈകിട്ട് ആറു മണിയായിട്ടും വീട്ടിലെത്തിയില്ല. മാതാപിതാക്കൾ അധ്യാപകനെ വിളിച്ച് അന്വേഷിച്ച എങ്കിലും മറുപടി ഒന്നും ലഭിച്ചില്ല.

 

തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂളിന് പിന്നിലെ മരത്തിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ചുമണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ശരീരം വീണ്ടെടുത്ത് പോസ്റ്റ് മാർട്ടത്തിന് അയച്ചത്. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട ഇന്ന് രാവിലെ വിദ്യാർത്ഥികൾ തഞ്ചാവൂർ - പുതുക്കോട്ട ദേശീയപാത ഉപരോധിച്ചു.

 

ജില്ലാ പോലീസ് മേധാവിയുമായി നടത്തിയ ചർച്ചയിൽ പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും സ്കൂൾ വളപ്പിലേക്ക് പാഞ്ഞു കയറിയ വിദ്യാർഥികൾ സ്കൂളിൻറെ ചില്ലുകൾ എറിഞ്ഞ് തകർത്തു.  വിവിധ മേഖലകളിൽ വീണ്ടും പ്രതിഷേധം നടന്നതോടെ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. സഹോദരിക്ക് അടക്കം ഫോണിൽ മെസ്സേജ് അയച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്യില്ലെന്നും, മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്.

 

‘Disallowed’ from taking exam, Class 12 student in TN ends life