'എച്ച്ഐവി ബാധിതനായതിനാല്‍ ശാരീരിക ബന്ധമുണ്ടായിട്ടില്ല'; വെളിപ്പെടുത്തലുമായി പ്രതി

murder
SHARE

ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം ഫ്ലാറ്റിൽ സൂക്ഷിച്ചതിന് അറസ്റ്റിലായ മനോജ് സാനെ എച്ച്ഐവി ബാധിതനെന്ന് വെളിപ്പെടുത്തൽ. മനോജ് തന്നെയാണ് ഇക്കാര്യം പൊലീസിനോടു പറഞ്ഞത്. വിവാഹം കഴിക്കാൻ സരസ്വതി നിർബന്ധിച്ചിരുന്നെങ്കിലും, ജീവിതം തകർക്കാൻ താൽപര്യമില്ലാത്തതിനാൽ വിവാഹത്തിന് വഴങ്ങിയില്ലെന്നും  ഇരുവരും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും മനോജ് മൊഴി നല്‍കി. എന്നാല്‍ മനോജിന്‍റെ സ്വഭാവത്തില്‍ സരസ്വതിക്ക് പല സംശയങ്ങളുമുണ്ടായിരുന്നു. മറ്റ് സ്ത്രീകളുമായി മനോജിന് ബന്ധമുണ്ടെന്ന് വിശ്വസിക്കുകയും, ഇതേചൊല്ലി, ഇരുവരും കലഹമുണ്ടാക്കുന്നതും പതിവായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ സരസ്വതിയുമായി വഴക്കുണ്ടായെന്നും, തുടർന്ന് അവർ വിഷം കഴിച്ചെന്നുമാണ് മനോജ് പൊലീസിനു നൽകിയിരിക്കുന്ന മൊഴി.

മീരാറോഡ് ഈസ്റ്റിലെ ഫ്ലാറ്റില്‍ ഏഴാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. കൊലപ്പെടുത്തി കുറച്ചു ദിവസത്തിന് ശേഷം ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽക്കാർ അറിയിച്ചതിനു പിന്നാലെ പൊലീസ് പൂട്ട് തകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്. മൃതശരീരം ഇരുപത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ രീതിയിലാണ് കണ്ടെടുത്തത്. 

തെളിവു നശിപ്പിക്കുന്നതിനായി പ്രതി മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന് സൂചനയുണ്ട്. സാനെ പതിവില്ലാതെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നതായി അയൽക്കാർ നൽകിയ മൊഴിയാണ് സംശയത്തിനു കാരണം. മൃതദേഹ ഭാഗങ്ങളിൽ ചിലത് സമീപത്ത് അഴുക്കുചാലിൽ ഒഴുക്കിയതായും സൂചനയുണ്ട്. സരസ്വതിയുടെ മൃതദേഹ ഭാഗങ്ങളിൽ ചിലത് മനോജ്, പ്രഷർ കുക്കറിലിട്ട് വേവിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

കേസിൽ കുടുങ്ങുമെന്ന ഭയത്താലാണ് സരസ്വതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നു പറഞ്ഞ മനോജ്, അനാഥയായതിനാൽ ആരും സരസ്വതിയെ അന്വേഷിച്ചു വരില്ലെന്നാണ് കരുതിയതെന്നും വെളിപ്പെടുത്തി. പ്രതിയുടെ മൊഴികൾ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Manoj Sane, who was arrested for killing his life partner and kept her dead body in his flat, is revealed to be HIV positive

MORE IN Kuttapathram
SHOW MORE