പങ്കാളിയെ ‌വെട്ടിനുറുക്കി ഫ്ലാറ്റിലൊളിപ്പിച്ചു; പ്രതിയുടെ മൊഴികളില്‍ വൈരുദ്ധ്യം

manoj-sane
SHARE

മുംബൈ താനെയില്‍ പങ്കാളിയെ കൊന്ന് വെട്ടിനുറുക്കി ഫ്ലാറ്റിലൊളിപ്പിച്ച കേസിലെ പ്രതി മനോജ് സാനെയുടെ മൊഴികളില്‍ വൈരുദ്ധ്യം. സരസ്വതി വൈദ്യയുടേത് ആത്മഹത്യയായിരുന്നെന്നും അത് തന്റെമേല്‍ വരാതിരിക്കാനാണ് ഇതെല്ലാം ചെയ്തതെന്നും മനോജ് പെലീസിനോട് പറഞ്ഞു. എന്നാല്‍ സരസ്വതി തനിക്ക് മകളെപ്പോലെയാണെന്ന് മൊഴിനല്‍കിയ പ്രതി അവരെ ക്ഷേത്രത്തില്‍വച്ച് വിവാഹം കഴിച്ചിരുന്നതായും വെളിപ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പങ്കാളിയെക്കുറിച്ച് അമ്പരപ്പിക്കുന്ന കഥകളാണ് മനോജ് സാനെ പൊലീസിന് മുന്നില്‍ നിരത്തിയത്. സരസ്വതി വൈദ്യയെ താന്‍ കൊന്നിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ഫ്ലാറ്റിലെത്തിയപ്പോള്‍ അവരെ വിഷംകഴിച്ച് മരിച്ചനിലയില്‍ കാണുകയായിരുന്നു. പങ്കാളിയുടെ മരണം തന്റേമേല്‍ ആരോപിക്കപ്പെടുമോ എന്ന് ഭയന്നാണ് ഇത്തരം കൃത്യങ്ങള്‍ക്ക് മുതിര്‍ന്നത്. വെട്ടിമുറിച്ച് കുക്കറില്‍വേവിച്ച് ഉപേക്ഷിച്ചാല്‍ പിടിക്കപ്പെടില്ലെന്ന് കരുതി. സരസ്വതി തനിക്ക് മകളെപ്പോലെയാണ്. അതുകൊണ്ടുതന്നെ ശാരീരിക ബന്ധമെന്നും തമ്മില്‍ ഉണ്ടായിരുന്നില്ല.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതിരുന്ന അവര്‍ക്ക് ഇത്തവണ പത്താംക്ലാസ് പരീക്ഷയ്ക്ക് തയാറെടുപ്പ് നടത്താന്‍ താനാണ് കണക്കും മറ്റ് വിഷയങ്ങളും പഠിപ്പിച്ചുകൊണ്ടിരുന്നത്. ഫ്ലാറ്റിലെ ചുമരില്‍ സമവാക്യവും മറ്റും എഴുതിപ്പഠിച്ച പാടുകള് നോക്കിയാല്‍ അത് മനസിലാകും. ഒരുക്ഷേത്രത്തില്‍ വച്ച് സരസ്വതിയെ വിവാഹം കഴിച്ചു. എന്നാല്‍ പരസ്പരമുള്ള പ്രായവ്യത്യാസം സമൂഹം അംഗീകരിക്കുമോ എന്ന് ഭയന്ന് അത് മറച്ചുവച്ചു. നിര്‍ബന്ധബുദ്ധിക്കാരിയായരുന്നു സരസ്വതി. റേഷന്‍കടയിലെ ജോലികഴിഞ്ഞ് വരാന്‍ വൈകിയാല്‍ പരിഭവിക്കും. തമ്മില്‍ വലിയ വഴക്കുകള്‍ ഉണ്ടായിരുന്നതായും മനോജ് പറയുന്നു.

താന്‍ 15 വര്‍ഷമായി എച്ച്.ഐ.വി ബാധിതനാണെന്ന വെളിപ്പെടുത്തലാണ് മറ്റൊന്ന്. ഒരു അപകടത്തിന് ശേഷം ചികില്‍സയിരിക്കെ രക്തം സ്വീകരിക്കേണ്ടിവന്നപ്പോളാണ് അണുബാധയുണ്ടായത്.  ഇത്തരത്തില്‍ പരസ്പര വൈരുദ്ധ്യമുള്ള മൊഴികളില്‍ പെലീസിന് സംശയമുണ്ട്. അന്വേഷണം വഴിതിരിക്കാനുള്ള നീക്കമാണെന്നാണ് അവരുടെ നിഗമനം. അതിനിടെ സരസ്വതിയുടെ മൂന്ന് സഹോദരിമാര്‍ സംഭവമറിഞ്ഞ് പൊലീസിനെ സമീപിച്ചു. ഇവരുടെ ഡിഎന്‍എ പരിശോധന നടത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കുന്ന കാര്യം തീരുമാനിക്കും. ഇപ്പോള്‍ കണ്ടെത്തിയ ഇരുപതോളം കഷണങ്ങളില്‍ ശരീരത്തിന്റെ ഭാഗം പൂര്‍ണമല്ല. അത് കണ്ടെത്തുന്നതിനൊപ്പം മനോജിന്റെ മൊഴികള്‍ സത്യമാണോ എന്നറിയാന്‍ പൂര്‍ണമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്. 

MORE IN Kuttapathram
SHOW MORE