തൃശ്ശൂരിൽ നിന്ന് കാപ്പ ചുമത്തി നാട് കടത്തി; ലഹരിമരുന്നുമായി അറസ്റ്റില്‍

തൃശ്ശൂർ ജില്ലയിൽ നിന്ന് കാപ്പ ചുമത്തി നാട് കടത്തിയ രണ്ട് യുവാക്കള്‍ ലഹരിമരുന്നുമായി പാലക്കാട് അറസ്റ്റില്‍. എരുമപ്പെട്ടി സ്വദേശി അമീർ, കാണിപ്പയ്യൂർ സ്വദേശി സുബിൻ എന്നിവരെയാണ് ഏഴര ഗ്രാം മെത്താഫിറ്റമിനുമായി ചാലിശ്ശേരി പൊലീസ് പിടികൂടിയത്.

വിവിധ കേസുകളില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുവരെയും കാപ്പ ചുമത്തി നാടുകടത്തിയത്. തൃശൂര്‍ അതിര്‍ത്തി പിന്നിട്ട് പാലക്കാടെത്തിയെങ്കിലും ഇരുവരും െവറുതെയിരുന്നില്ല. ലഹരി ശേഖരിച്ച് കൈമാറുന്നത് ശീലമാക്കുന്ന സ്ഥിതിയായി. വീര്യം കൂടിയ ലഹരി കൂടിയ വിലയ്ക്ക് പതിവുകാര്‍ക്ക് കൈമാറുകയായിരുന്നു പതിവ്. ചെറിയ കവറുകളിലാക്കി സൂക്ഷിച്ചിരുന്ന ഏഴര ഗ്രാം മെത്താഫിറ്റമിനാണ് യുവാക്കളില്‍ നിന്നും കണ്ടെടുത്തത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഫോണില്‍ വിളിച്ച് ഉറപ്പിച്ചിരുന്നവര്‍ക്ക് നേരിട്ടെത്തി ലഹരി കൈമാറുകയായിരുന്നു ലക്ഷ്യം. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ പൊലീസിനും ഇരുവരുടെയും അറസ്റ്റ് വിവരം കൈമാറും.

palakkad drug arrest