ബിരിയാണി കടം കൊടുത്തില്ല; മൂന്നംഗ സംഘം റസ്റ്ററന്റ് ആക്രമിച്ചു

ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ തൃശൂർ തൃപ്രയാറിൽ മൂന്നംഗ സംഘം റസ്റ്ററന്റ് ആക്രമിച്ചു.  ജീവനക്കാരന് ഗുരുതര പരുക്ക്.

തൃപ്രയാർ സെന്ററിൽ  ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് സംഭവം. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ നാട്ടിക മേഖല സെക്രട്ടറി കൂടിയായ തൃപ്രയാർ സ്വദേശി അക്ഷയുടേതാണ് റസ്റ്റോറന്റ്. അക്ഷയ് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് ആക്രമണം അരങ്ങേറിയത്. റസ്റ്റോറന്റിലെത്തിയ മൂന്ന് യുവാക്കൾ കാഷ് കൗണ്ടറിന്റെ ചുമതലയിലുണ്ടായിരുന്ന ആസാം സ്വദേശി ജുനൈദിനോട് നാല് ചിക്കൻ ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണിയുടെ തുക പറഞ്ഞതോടെ പണമില്ലെന്നും കടം നൽകണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു. ഉടമ അറിയാതെ കടം നൽകാനാകില്ലെന്ന് പറഞ്ഞ ജീവനക്കാരനെ മൂന്നംഗ സംഘം  ആക്രമിക്കുകയായിരുന്നു. കാഷ് കൗണ്ടറിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങൾ തകർത്ത സംഘം ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു. അടുത്ത കൗണ്ടറിലേക്ക് ജീവനക്കാരൻ  ഓടിയെത്തിയതോടെ അവീടെ ഭക്ഷണം കഴിച്ചിരുന്നവരും പുറത്തേക്കോടി. ജീവനക്കാരൻ തൊട്ടരികിലുള്ള കെട്ടിടം ഉടമയുടെ വീടിന് മുൻപിലെത്തി കോളിങ് ബെൽ അടിക്കും മുൻപേ പുറകിലെത്തിയ മൂനാംഗ സംഘം ഇയാളെ വലിച്ചിഴച്ച് വീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ജീവനക്കാരന്റെ ചെവി അറ്റുപോകാറായ നിലയിലായിരുന്നു. വടിയും, ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ ജീവനക്കാരനെ ജില്ലാ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു. തൃപ്രയാർ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. 

സംഭവത്തിൽ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ തൃപ്രയാർ യൂനിറ്റ് കമ്മറ്റിയും,തൃശൂർ ജില്ലാ കമ്മറ്റിയും  ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.