സുഹൃത്തുക്കളുടെ സഹായത്താൽ സ്വന്തം വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ യുവാവും സഹായികളും അറസ്റ്റിൽ. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജുവാണ് സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവർക്കൊപ്പം കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്നതെന്ന് യുവാവ് ഹേമാംബിക നഗർ പൊലീസിന് മൊഴി നൽകി.

 

ബന്ധുക്കളുമായി നല്ല ചേർച്ചയിലായിരുന്നില്ല ബൈജു. പക്ഷേ ബന്ധുക്കൾ വീട് പൂട്ടി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയ വിവരം അറിഞ്ഞതിന് പിന്നാലെ ബൈജു കർമനിരതനായി. സഹോദരിയെ ഫോണിൽ വിളിച്ച് തന്ത്രപൂർവം വീട്ടിലാരുമില്ലെന്ന് ഉറപ്പാക്കി. മടങ്ങി വരുന്ന സമയം വരെ ചോദിച്ചറിഞ്ഞു. പിന്നാലെ വൻ തുക വാഗ്ദാനം ചെയ്ത് കവർച്ചാ ലക്ഷ്യം അറിയിച്ച്  സുഹൃത്തുക്കളെ കൂടെ കൂട്ടി. സ്വന്തം വീട്ടിൽ മുൻവാതിൽ തുറന്ന് അകത്ത് കയറാൻ അവകാശമുള്ള ബൈജു അതിന് മുതിർന്നില്ല. ഓട് പൊളിച്ച് വീട്ടിനുള്ളിൽ കയറി. ഓരോ മുറിയിലും എന്തൊക്കെ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് കൃത്യമായി അറിയാവുന്ന ബൈജു അലമാരകൾ കുത്തിത്തുറന്നു. 

 

സ്വർണവും പണവും കൈക്കലാക്കി. അന്വേഷണം വഴി തെറ്റിക്കുന്നതിനായി മുളക് പൊടി വിതറി വസ്ത്രങ്ങൾ ഉൾപ്പെടെ വാരി വലിച്ചിട്ട ശേഷം രക്ഷപ്പെട്ടു. കണ്ടാൽ ആർക്കും വിദഗ്ധരായ കവർച്ചാ സംഘം വീട്ടിൽക്കയറി മടങ്ങിയേന്നേ തോന്നൂ. വീടിന് സമീപത്ത് നിന്നാണ് കവർച്ചയ്ക്ക് ആവശ്യമായ ആയുധങ്ങൾ ശേഖരിച്ചത്. അധികം ദൂരത്തല്ലാതെ ആയുധങ്ങൾ ഉപേക്ഷിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ കവർച്ചാ വിവരം അറിഞ്ഞത്. 

 

പിന്നാലെ ഹേമാംബിക പൊലീസിനെ സമീപിക്കുകയായിരുന്നു. വീട്ടിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിച്ച സമയത്ത് തന്നെ ബൈജുവിനെക്കുറിച്ച് പൊലീസിന് ചില സംശയങ്ങളുണ്ടായി. പിന്നാലെ തന്ത്രപൂർവം വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം വീട്ടിലെ കവർച്ചയെക്കുറിച്ച് യുവാവ് വെളിപ്പെടുത്തിയത്. നഷ്ടപ്പെട്ട സ്വർണവും പണവും പൊലീസ് കണ്ടെടുത്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്നതെന്ന് ബൈജു മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.