മോഷണക്കേസുകളിലെ തൊണ്ടിമുതലുകളുടെ വിപുലശേഖരം; 5 പേര്‍ പിടിയില്‍

koppam-theft-case-five-arre
SHARE

പാലക്കാട് കൊപ്പം നടുവട്ടം കവര്‍ച്ചാക്കേസ് പ്രതികൾ നടത്തിയ വിവിധ മോഷണക്കേസുകളിലെ തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് തൊണ്ടിമുതലുകളുടെ വിപുല ശേഖരം കണ്ടെത്തിയത്. സ്വര്‍ണവും പണവും വിലകൂടിയ വാച്ചുള്‍പ്പെടെയുള്ള സാധനങ്ങളും കണ്ടെടുത്തു.   

നടുവട്ടത്തെ വീട്ടിലുണ്ടായ കവര്‍ച്ചയെത്തുടര്‍ന്നാണ് മൂന്നംഗ അന്തര്‍ ജില്ലാ മോഷ്ടാക്കളെ പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. തുടർന്ന് ഇവർ മോഷ്ടിക്കുന്ന സ്വർണം ഉൾപ്പടെയുള്ളവ വിൽക്കുന്ന രണ്ടുപേരെയും പൊലീസ് തിരുവനന്തപുരത്ത് നിന്ന് പിടികൂടിയിരുന്നു. ഇവരെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തിലാണ് പാലക്കാട് ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിലായി സംഘം നടത്തിയ മോഷണങ്ങളുടെ തൊണ്ടിമുതലുകൾ കണ്ടെടുത്തത്. 62 പവൻ സ്വർണ്ണം, രണ്ട് ലക്ഷത്തി അറുപത്തിയേഴായിരം രൂപ, വിലപിടിപ്പുള്ള പെർഫ്യൂം, മൊബൈൽ ഫോൺ, റിസ്റ്റ് വാച്ച്, പെൻഡ്രൈവ് എന്നിവയാണ് കണ്ടെടുത്തത്.

2014 മുതൽ വിവിധ ജില്ലകളിൽ മോഷണം നടത്തുന്ന ഈ സംഘം ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്. നിലവില്‍ സംഘം പത്ത് ജില്ലകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് ചിലരെക്കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. വിവിധ ജില്ലകളില്‍ സഞ്ചരിച്ചുള്ള കവര്‍ച്ചയില്‍ സാധനങ്ങള്‍ പൂര്‍ണമായും സംഘം വിറ്റിരുന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണെന്ന് വ്യക്തമായിട്ടുണ്ട്. 

Koppam theft case five arrest

MORE IN Kuttapathram
SHOW MORE