‘ഇന്ത്യന്‍ സംസ്കാരത്തിന് എതിര്’; സ്ത്രീകളുടെ ഡി.ജെ പാര്‍ട്ടിയില്‍ ബജറംഗദള്‍ ആക്രമണം

karnataka-bajrang-dal-activ
SHARE

ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണന്നാരോപിച്ചു കര്‍ണാടക ശിവമൊഗ്ഗയില്‍ സ്ത്രീകളുടെ ഡി.ജെ. പാര്‍ട്ടിയില്‍ ബജറംഗദള്‍ ആക്രമണം. പാര്‍ട്ടിക്കെത്തിയ കുട്ടികളടക്കമുള്ളവരെ നിര്‍ബന്ധിച്ച് ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചു. സ്ത്രീകളുടെ വസ്ത്രധാരണത്തെ പരസ്യമായി അവഹേളിക്കുകയും ചെയ്തു. ശിവമൊഗ്ഗ കൂവമ്പു റോഡിലെ ഹോട്ടലിലേക്ക് ബജറംഗദളിന്റെ സദാചാര ഗുണ്ടകള്‍ ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളാണിത്. അര്‍ധരാത്രിയില്‍ സ്ത്രീകള്‍‌ക്കു മാത്രമായി ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടി നടത്തുന്നുവെന്നാരോപിച്ചായിരുന്നു  അതിക്രമം. വിവരമറിഞ്ഞു പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പ്രതിഷേധക്കാരെ തടഞ്ഞില്ല. 

സ്ത്രീകളുടെ രാത്രികാല ഡി.ജെ. പാര്‍ട്ടി ഇന്ത്യന്‍ സംസ്കാരത്തിനു നിരക്കുന്നതല്ലെന്നും ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഹോട്ടലില്‍ സ്ത്രീകളുടെ ഡി.ജെ. പാര്‍ട്ടി നടക്കുന്നതു സംബന്ധിച്ച് ഒരാഴ്ച മുന്‍പു തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നുവെന്നു ബജറംഗദള്‍ നേതാവ് രാജേഷ്ഗൗഡ പറഞ്ഞു. ഹോട്ടല്‍ റെയ്ഡ് ചെയ്യാന്‍ പൊലീസിനെ സഹായിക്കുക മാത്രമാണു ചെയ്തതെന്നും ഗൗഡ അവകാശപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ആരും പരാതി നല്‍കിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.

Bajrang Dal Activists Stop Ladies Night Party in Shivamogga

MORE IN Kuttapathram
SHOW MORE