വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച; 4 പേര്‍ അറസ്റ്റില്‍; സ്വര്‍ണം വിറ്റു

housewife-tied-up-and-robbe
SHARE

പാലക്കാട് കൽമണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. വടവന്നൂർ, വണ്ടിത്താവളം സ്വദേശികളായ നാലു പേരെയാണ് കസബ പൊലീസ് പിടികൂടിയത്. പകൽസമയം വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കിയ ശേഷമാണ് സംഘം കവർച്ചയ്ക്കെത്തിയത്. ഈമാസം പതിമൂന്നിന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു കവർച്ച. കൽമണ്ഡപം പ്രതിഭാ നഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടിൽ ഷെഫീന ഒറ്റയ്ക്കായിരുന്നു. പൂട്ടിയിട്ടിരുന്ന മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കയറിയ സംഘം ഷെഫീനയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി തുണി വായിൽ തിരുകി കയറു കൊണ്ട് ബന്ധിച്ചു. മുറിക്കുള്ളിൽ കയറി അലമാര തകർത്ത് ആഭരണങ്ങളും പണവും കൈക്കലാക്കി. 

വീട്ടിലെ ഇരുചക്ര വാഹനവുമായി പുറത്തിറങ്ങിയ പ്രതികൾ നൂറു മീറ്റർ അകലെ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. കവർന്ന സ്വർണം പതിനെട്ട് ലക്ഷത്തി അൻപത്തി അയ്യായിരം രൂപയ്ക്ക് കോയമ്പത്തൂരിലെ സ്വർണ വ്യാപാരിക്ക് വിറ്റതായി പിടിയിലായവർ സമ്മതിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പ്രതികളെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഫലം കണ്ടത്. പാലക്കാട് വടവന്നൂർ സ്വദേശികളായ  സുരേഷ്, വിജയകുമാർ, നന്ദിയോട് സ്വദേശി റോബിൻ, വണ്ടിത്താവളം സ്വദേശി പ്രദീപ് എന്നിവരുടെ അറസ്‌റ്റാണ് കസബ പൊലീസ് രേഖപ്പെടുത്തിയത്. കവർച്ചയിൽ  കൂടുതലാളുകൾക്ക് പങ്കുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് കസബ പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. നാലുപേരെയും കോടതി റിമാൻഡ് ചെയ്തു.

Housewife tied up and robbed

MORE IN Kuttapathram
SHOW MORE