പൊലീസ് ചമഞ്ഞ് ലോറി തടഞ്ഞ് 96 ലക്ഷം തട്ടി: സംഘത്തലവൻ അറസ്റ്റിൽ

രണ്ട് വർഷം മുൻപ് കോയമ്പത്തൂരിൽ നിന്നു മൂവാറ്റുപുഴയ്ക്കു പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി പൊലീസാണെന്ന വ്യാജേന തടഞ്ഞു 96 ലക്ഷം രൂപ കവർന്ന സംഘത്തിന്റെ തലവൻ അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷൂമാക്കർ എന്നറിയപ്പെടുന്ന വിഷ്ണുരാജാണ് (36) പിടിയിലായത്. കേസിൽ 6 പേർ നേരത്തെ അറസ്റ്റിലായിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസും ഒല്ലൂർ പൊലീസും ചേർന്ന് കോവളത്തു നിന്നാണു പിടികൂടിയത്.

2021 മാർച്ച് 22 നാണു സംഭവം നടന്നത്. കുട്ടനെല്ലൂരിൽ ‘ഇലക്‌ഷൻ അർജന്റ്’ എന്ന ബോർഡ് വച്ച കാറിലെത്തിയ സംഘമാണ് ലോറി തടഞ്ഞത്. കഞ്ചാവു കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണു ലോറി തടഞ്ഞതെന്നറിയിച്ച സംഘം ചോദ്യം ചെയ്യാനാണെന്നു പറഞ്ഞ് ഡ്രൈവറെയും സഹായിയെയും കാറിൽ കയറ്റിക്കൊണ്ടുപോയി. കുറച്ചുദൂരം കൊണ്ടുപോയി തിരിച്ചെത്തിച്ചു.

ഈ സമയം കൊണ്ട് ലോറിയിൽ സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവർന്നിരുന്നു. ലോറി ജീവനക്കാർ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കോയമ്പത്തൂരിൽ നിന്ന് പച്ചക്കറി ലോറിയിൽ രൂപ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണു സംഘം പണം കവരാൻ ഗൂഢാലോചന നടത്തിയതെന്നു പൊലീസ് പറഞ്ഞു. പല സ്ഥലത്തുള്ള ക്രിമിനൽകേസ് പ്രതികൾ ഒത്തുചേർന്നാണു കവർച്ച ആസൂത്രണം ചെയ്തത്.

ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെടുത്തു. ഒല്ലൂർ അസിസ്റ്റൻറ് കമ്മിഷണർ സുരേഷ്, എസ് എച്ച് ഒ ബെന്നി ജേക്കബ്, എസ്ഐ പ്രകാശ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ലാല, തൃശൂർ സിറ്റി ഷാഡോ പൊലീസിലെ എസ്ഐമാരായ സുവൃതകുമാർ, പി.രാഗേഷ്, സീനിയർ സിവിൽ പൊലീസ്  ഓഫിസർ ജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ ലിഗേഷ്, വിപിൻ ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.