ഒരേ നമ്പറിൽ രണ്ട് ഇരുചക്ര വാഹനങ്ങൾ കണ്ടെത്തിയ വീട്ടിൽ വീണ്ടും വ്യാജൻ; ദുരൂഹം

bullet-with-fake-number-was
SHARE

പത്തനംതിട്ട കടമ്പനാട്  വ്യാജ നമ്പരിലെ ബുള്ളറ്റ് കണ്ടെത്തിയ വീട്ടിൽ വീണ്ടും വ്യാജൻ. ഒരേ നമ്പറിൽ രണ്ട് ഇരുചക്ര വാഹനങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് വ്യാജ റജിസ്ട്രേഷൻ നമ്പറിലുള്ള ഒരു ബൈക്കു കൂടി  കസ്റ്റഡിയിലെടുത്തത്. ഏതെങ്കിലും കള്ളക്കടത്തിന് ഉപയോഗിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. യുവാവിന്റെ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം വിപുലമാക്കി. കടമ്പനാട് ഭാഗത്തുള്ള വീട്ടിൽ നിന്നാണ്  മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു ബൈക്കു കൂടി കസ്റ്റഡിയിൽ എടുത്തത്. ആദ്യ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനെത്തിയപ്പോഴാണ് അടുത്ത വ്യാജൻ ശ്രദ്ധയിൽപ്പെട്ടത്. ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ മറ്റൊരു ബൈക്കിന്റേതാണെന്ന് ബോധ്യപ്പെട്ടതോടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിൽ എടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വാഹനം കൈവശം വച്ചയാൾ ജിംനേഷ്യം പരിശീലകനാണ്. ഇയാൾ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല. 

വിശദമായ അന്വേഷണം പൊലീസ് നടത്തട്ടെ എന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം വ്യാജൻ പിടിയിലായത് ഇങ്ങനെയാണ്. കഴിഞ്ഞ നാലാം തീയതി രാവിലെ കടമ്പനാട് ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ അമിത ശബ്ദത്തിൽ പച്ച നിറമുള്ള ബൈക്ക് കടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഓടിച്ചയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഫോട്ടോ എടുത്ത് ഓൺലൈൻ ചെല്ലാൻ തയാറാക്കി അയച്ചു സന്ദേശം ലഭിച്ച മാവേലിക്കര സ്വദേശിയായ യഥാർഥ ഉടമസ്ഥൻ ഓഫീസിലെത്തി. സംഭവ സ്ഥലത്തു കൂടി യാത്ര ചെയ്തില്ലെന്നും തന്റെ വാഹനം ചുവപ്പ് ആണെന്നും ഉറപ്പിച്ചു. ഇതിനെ തുടർന്നാണ് ഒരേ നമ്പറിൽ രണ്ടു വാഹനം ഓടുന്നതായുള്ള സംശയം ഉണ്ടായത്. തുടർന്ന് കടമ്പനാട് ഭാഗത്തുള്ള സി സി ടിവി ദൃശ്യം നോക്കി നടത്തിയ പരിശോധനയിൽ വ്യാജ വാഹനം സംബന്ധിച്ച് വിവരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ എട്ടിന് വാഹനം ഓടിച്ചിരുന്ന ആളിന്റെ വീട്ടിലെത്തി വീടിന്റെ പോർച്ചിലിരുന്ന പച്ച നിറത്തിലുള്ള വാഹനം കണ്ടെത്തുകയും രണ്ടു റജിസ്ട്രേഷൻ നമ്പറും ഒരുപോലെയാണെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.  ബൈക്ക് മറ്റാരോ തന്നതാണെന്നും രേഖകൾ കൈവശമില്ലെന്നുമാണ് ഇയാളുടെ മറുപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Bullet with fake number was found in the house

MORE IN Kuttapathram
SHOW MORE