പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വിവാഹം: കേസില്‍ നാല് പേരെക്കൂടി പ്രതിചേര്‍ത്തു

nedumangad-police-3
SHARE

തിരുവനന്തപുരം നെടുമങ്ങാട് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വിവാഹം നടത്തിയ കേസില്‍ നാല് പേരെക്കൂടി പ്രതിചേര്‍ത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിന്‍റെ സഹോദരനും മൂന്ന് സുഹൃത്തുക്കള്‍ക്കും എതിരെയാണ് കേസെടുത്തത്.  പെണ്‍കുട്ടിയുടെ പിതാവും വിവാഹത്തിന് ഒത്താശ ചെയ്ത ഉസ്താദും ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷം മുന്‍പ് പീഡിപ്പിച്ച കേസിലെ പ്രതിയുമായിട്ടായിരുന്നു നിര്‍ബന്ധിത ശൈശവവിവാഹം. പീഡനക്കേസില്‍ നാല് മാസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങിയ യുവാവ് കേസില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗമായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തത്. ഉസ്താദിനെ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ പിതാവിനെ സ്വാധീനിച്ച് കഴിഞ്ഞ പതിനെട്ടിന് വീട്ടില്‍ വച്ച് രഹസ്യമായി വിവാഹം നടത്തി. പെണ്‍കുട്ടി സ്കൂളില്‍ വരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശൈശവിവാഹത്തിന് പിടിവീണത്.

വിവാഹം കഴിച്ച യുവാവ്, ഒത്താശ ചെയ്ത ഉസ്താദ് അന്‍വര്‍ സാദത്ത് , പെണ്‍കുട്ടിയുടെ പിതാവ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരെയും പ്രതിയാക്കുന്നതിന്റെ ഭാഗമായാണ് അല്‍ അമീറിന്റെ സഹോദരനും  മൂന്ന് സുഹൃത്തുക്കള്‍ക്കും എതിരെകൂടി കേസെടുത്തത്. നെടുമങ്ങാട് സി.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Nedumangad child marriage case

MORE IN Kuttapathram
SHOW MORE