രണ്ടു വർഷം മുൻപ് യുവാവ് കൊല്ലപ്പെട്ട കേസ്; ഒരാൾ കീഴടങ്ങി

ഒറ്റപ്പാലം പനമണ്ണയിൽ രണ്ടു വർഷം മുൻപ് യുവാവ് കൊല്ലപ്പെട്ട കേസിൽ ഒരാൾ കീഴടങ്ങി. പനമണ്ണ സ്വദേശി വിനോദ് കൊല്ലപ്പെട്ട കേസിൽ അമ്പലവട്ടം പനമണ്ണ സ്വദേശി ഇല്യാസിനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

കേസിൽ പത്താം പ്രതിയാണ് ഇല്യാസ്. കൊലയ്ക്ക് ശേഷം ഒളിവിലായിരുന്ന ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 2020 മേയ് 31ന് രാത്രി പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വിനോദിന്റെ സഹോദരൻ രാമചന്ദ്രനെതിരെ പ്രതികളിലൊരാൾ സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമെന്നായിരുന്നു പൊലീസ് കണ്ടത്തൽ. ഈ പ്രശ്‌നം പറഞ്ഞുതീർക്കാൻ രാമചന്ദ്രനെ വിളിച്ചുവരുത്തി ആക്രമിച്ചെന്നും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിനോദിനെ ഇവർ വെട്ടിപ്പരുക്കേൽപ്പിച്ചെന്നുമാണ് കേസ്. 

വിനോദിന്റെ തലയിലും കാലിലും ആന്തരികാവയവങ്ങൾക്കുമായിരുന്നു സാരമായ പരുക്ക്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കെ 2020 ജൂൺ 22 നായിരുന്നു വിനോദിന്റെ മരണം. കേസിൽ 11 പേരാണു പ്രതികൾ. അമ്പലവട്ടം പനമണ്ണ സ്വദേശികളായ രണ്ടുപേരും തൃക്കടീരി കീഴൂർറോഡ് സ്വദേശിയും വരോട് നാലാംമൈൽ സ്വദേശിയും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. കുറ്റപത്രം വിഭജിച്ച് സമർപ്പിക്കപ്പെട്ട കേസിൽ നേരത്തെ അറസ്റ്റിലായ നാലുപേരെ മാത്രം വിചാരണ ചെയ്താണു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പിന്നീട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് ശേഷിക്കുന്ന പ്രതികൾക്കായി അന്വേഷണം ആരംഭിച്ചത്. മൂന്നാം പ്രതി ഉൾപ്പെടെ അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. പൊലീസ് ഇൻസ്‌പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Ottappalam Vinnod murder case; one more arrest