ജയിലിൽ നിന്നിറങ്ങി വീണ്ടും മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ഡേവിഡ് റിമാൻഡിൽ

കൊച്ചിയില്‍ ഹോട്ടല്‍ കുത്തിതുറന്ന് പണം കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് ഡേവിഡിനെ തെളിവെടുപ്പിന് ശേഷം റിമാന്‍ഡ് ചെയ്തു. ഹോട്ടലില്‍ നിന്ന കവര്‍ന്ന മൊബൈല്‍ഫോണ്‍ പരിശോധനയില്‍ കണ്ടെത്തി. ജയിലില്‍ നിന്നിറങ്ങി ദിവസങ്ങള്‍ക്കകമായിരുന്നു ഡേവിഡിന്‍റെ  ഹോട്ടലിലെ മോഷണം. 

മാധവന്‍ കട്ടതൊന്നും ചേക്ക് വിട്ട് പോയിട്ടില്ലെന്ന തിയറിയാണ് ഡേവിഡിന്‍റെയും. കൊച്ചി നഗരത്തിനപ്പുറത്തേക്ക് മോഷണവുമില്ല മോഷ്ടിച്ച വസ്തുകള്‍ കൊച്ചി വിട്ട് പോയിട്ടുമില്ല. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ തൊട്ടടുത്ത ദിവസം തന്നെ മോഷണം നടത്തും സമയം കളയാതെ ജയിലിലേക്ക് തന്നെ മടങ്ങും. മോഷ്ടിച്ചത് താനാണെന്ന് പൊലീസിനെ കൃത്യമായി അറിയിക്കുകയും ചെയ്യും. കുത്തിതുറന്ന കടകളുടെ സമീപത്തെ സിസിടിവിയില്‍ നോക്കി പൊലീസിന് ഒരു ചിരി പാസാക്കിയാകും ഡേവിഡിന്‍റെ മടക്കം. ഇത്തവണയും ആ പതിവ് ഡേവിഡ് തെറ്റിച്ചില്ല. പതിനൊന്നാം തീയതി രാത്രി രവിപുരം കുരിശുപള്ളിക്ക് സമീപത്തെ ഹോട്ടല്‍ ഡേവിഡ് കുത്തിതുറന്ന് 53000 രൂപ കവര്‍ന്നു. സ്ക്രൂഡ്രൈവര്‍കൊണ്ട് പൂട്ട് തകര്‍ത്ത് അകത്ത് കയറുന്ന ഡേവിഡിന്‍റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. സൗത്ത് മേല്‍പാലത്തിന് താഴെ നിന്ന് ഡേവിഡ് പിടിയിലുമായി. 

കൊച്ചി നഗരം കേന്ദ്രീകരിച്ച് മാത്രം കട കുത്തിതുറന്ന് മോഷണം നടത്തുന്നയാളാണ് ആന്ധ്രാപ്രദേശ് സ്വദേശി ഡേവിഡ്. സെന്‍ട്രല്‍, സൗത്ത് സ്റ്റേഷനുകളിലായി ഒരു ഡസനിലേറെ മോഷണക്കേസുകളുണ്ട് ഡേവിഡിന്. മൊബൈല്‍, ടാബ് തുടങ്ങി ഡിജിറ്റല്‍ ഉപകരണങ്ങളോട് പ്രിയമേറെ. മോഷ്ടിക്കുന്ന പണം ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ ചെലവഴിക്കും. പിന്നെ താമസം സൗത്ത് പാലത്തിന് താഴെ. അതുകൊണ്ട് ഡേവിഡിനെ പിടിക്കാന്‍ പൊലീസിനും കഷ്ടപ്പാടില്ല. 

Notorious burglar David remanded