സ്കൂള്‍ ഉടമ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; മാതാപിതാക്കളുടെ പ്രതിഷേധം തുടരുന്നു

സ്കൂള്‍ ഉടമ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നു ചെന്നൈ ആവ‍ഡിക്കു സമീപം വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ വന്‍പ്രതിഷേധം. കൗണ്‍സിലിങ്ങിനെന്ന പേരില്‍ മുറിയിലേക്കു വിളിച്ചുകൊണ്ടുപോയി കയറിപിടിച്ചെന്നാണു പ്ലസ് ടു വിദ്യാര്‍ഥിനികളുടെ പരാതി. സ്കൂള്‍ സ്ഥാപകന്റെ മകനും നടത്തിപ്പുകാരനുമായ വിനോദിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ടു കുട്ടികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് ലക്ഷ്മിപുരത്തെ എയ്ഞ്ചല്‍ മെട്രിക്കുലേഷന്‍ സ്കൂള്‍ ഉടമയുടെ മകന്റെ ക്രൂരകൃത്യങ്ങള്‍ പുറത്തറിഞ്ഞത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കൗണ്‍സിലിങ്ങിനെന്ന പേരില്‍ മുറിയില്‍ കൊണ്ടുപോയി അശ്ലീലം പറയുകയും കയറിപിടിക്കുന്നതുമായിരുന്നു  രീതി. മാനേജ്െമന്റിനെ പേടിച്ചു പരാതി പറയാന്‍ മടിച്ചിരുന്ന പെണ്‍കുട്ടികള്‍ ഇന്നലത്തെ അവസരം ഉപയോഗിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ വിവരമറിഞ്ഞെത്തിയ സ്കൂള്‍ സ്ഥാപകന്‍ സിന്തൈ ജയരാമനോട് കുട്ടികള്‍ മകന്റെ വീരകൃത്യങ്ങളുടെ കെട്ടഴിച്ചു. വിവരമറിഞ്ഞു രക്ഷിതാക്കളെത്തിയതോടെ വന്‍സമരമായി. ആണ്‍കുട്ടികള്‍ സ്കൂളിനു മുന്‍വശത്തെ റോഡ് ഉപരോധിച്ചു.

ഇതിനിടെ വിനോദ് സ്കൂളില്‍ നിന്നു രക്ഷപ്പെട്ടു. ആര്‍.ഡി.ഒയും ജില്ലാ വിദ്യഭ്യാസ ഓഫിസറും സ്കൂളില്‍ പരിശോധന നടത്തി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയതോടെയാണ് സമരം അവസാനിച്ചത്. അധ്യാപികമാരെയും ഇയാള്‍ ശല്യം ചെയ്തിരുന്നതായി പരാതിയുര്‍ന്നു. നിലവില്‍ രണ്ടുപെണ്‍കുട്ടികള്‍ രേഖാമൂലം പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പീഡനശ്രമം, ഭീഷണിപ്പടുത്തല്‍,പോക്സോ വകുപ്പുകള്‍ പ്രകാരം തിരുനിന്‍ട്രവൂര്‍ പൊലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചില്‍ തുടങ്ങി.

Chennai avadi school pocso complaint